തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തിൽ മൂന്നുദിവസം കനത്തമഴ പെയ്തേക്കുെമന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. 17 വരെ ശക്തമോ അതിശക്തമോ ആയി മഴപെയ്യാം. ശക്തമായ കാറ്റുവീശുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്.

ഒഡിഷ തീരത്തെ ന്യൂനമർദം ശക്തിപ്രാപിക്കുമോയെന്ന് പറയാറായിട്ടില്ല. എന്നാൽ ഇതിന്റെ ഫലമായി കേരള, കർണാടക തീരങ്ങളിൽ കാറ്റിന് വേഗംകൂടും. കേരളത്തിലെ വടക്കൻ ജില്ലകളിലും മലയോരമേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ താരതമ്യേന കുറഞ്ഞിരിക്കാനാണ് സാധ്യത. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ തെക്കൻ കേരളത്തിൽ പൊതുവേ മഴ കുറവായിരിക്കുമെന്നതാണ് ദീർഘകാല അനുഭവം.

കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശും. ഇത് 60 കിലോമീറ്റർവരെ കൂടാം. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ദിവസേനയാണ് മുന്നറിയിപ്പുനൽകുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ മുന്നറിയിപ്പ് നീട്ടും.

കേരളത്തിൽ കഴിഞ്ഞദിവസം പരക്കെ മഴ പെയ്തു. മൂന്നാറിലാണ് ഏറ്റവും കൂടുതൽ മഴ (101.2 മില്ലീമീറ്റർ). പീരുമേട്ടിൽ 89 മില്ലീമീറ്റർ പെയ്തു.

കാസർകോട് ജില്ലയിൽ വെള്ളിയാഴ്ച 55 മില്ലീമീറ്റർ മഴ പെയ്തു. കാറ്റിലും മഴയിലും പെട്ട് അഞ്ചുവീടുകൾ ഭാഗികമായി തകർന്നു. ഉപ്പള മൂസോടിയിൽ കടലേറ്റം രൂക്ഷമായി. കുറച്ചുദിവസങ്ങളായി തുടരുന്ന കടലേറ്റത്തിൽ 100 മീറ്ററോളം നീളത്തിൽ കരഭാഗം കടലെടുത്തു.