തിരുവനന്തപുരം/കണിച്ചുകുളങ്ങര: ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരേ വീണ്ടും ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്ത് ദേശീയ ജനാധിപത്യസഖ്യം (എന്‍.ഡി.എ.) നിലവിലില്ലെന്നും മലപ്പുറത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇങ്ങനെപോയാല്‍ 50 വര്‍ഷം കഴിഞ്ഞാലും ബി.ജെ.പി. കേരളത്തില്‍ അധികാരത്തില്‍വരില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍, വെള്ളാപ്പള്ളിയുടേത് സമ്മര്‍ദതന്ത്രം മാത്രമായാണ് ബി.ജെ.പി. കരുതുന്നത്. ബി.ജെ.പി.ക്കെതിരേ വെള്ളാപ്പള്ളി മുന്പ് വിമര്‍ശനമുന്നയിച്ചപ്പോഴും പിന്തുണയ്ക്കാതിരുന്ന ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാറും ഇത്തവണ അച്ഛനൊപ്പം ചേര്‍ന്നു എന്നതാണ് ശ്രദ്ധേയം. സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വവുമായി അഭിപ്രായഭിന്നതയുണ്ടെന്ന് തുഷാര്‍ വ്യക്തമാക്കി. എന്നാല്‍, ഇതിനിടെ ബി.ഡി.ജെ.എസിലെ ടി.വി. ബാബു വിഭാഗം ബി.ജെ.പിക്കൊപ്പംതന്നെയെന്നാണ് സൂചന.

എന്‍.ഡി.എ.യുടെ ഭാഗമായിമാറുമ്പോള്‍ രാജ്യസഭാംഗത്വമുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ബി.ജെ.പി കേന്ദ്രനേതൃത്വം നല്‍കിയിരുന്നുവെന്നാണ് ബി.ഡി.ജെ.എസ്. നേതൃത്വം പറയുന്നത്. എന്നാല്‍, രണ്ടരവര്‍ഷം പിന്നിട്ടിട്ടും പരിഗണിക്കുന്നില്ല.

പ്രതീക്ഷിച്ചിരുന്ന നാളികേര ബോര്‍ഡ് ചെയര്‍മാന്‍ പദം ലഭിച്ചില്ല. കയര്‍ബോര്‍ഡ് ചെയര്‍മാനായി തമിഴ്‌നാട്ടില്‍നിന്നുള്ള മുന്‍ എം.പി. സി.പി. രാധാകൃഷ്ണനെ നിയമിച്ചതും നീരസത്തിനു കാരണമായി. എന്‍.ഡി.എ. ഘടകകക്ഷി എന്നനിലയില്‍ ലഭിക്കേണ്ട സ്ഥാനമാനങ്ങളെക്കറിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ചനടത്തുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

മലപ്പുറത്തെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് എന്‍.ഡി.എ.യില്‍ അഭിപ്രായവ്യത്യാസമില്ലെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിലപാട്. മലപ്പുറത്ത് ബി.ജെ.പി.യില്‍നിന്നുള്ള ശ്രീപ്രകാശായതുകൊണ്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനുമുന്‍പ് എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ചനടത്തിയിരുന്നു. എല്ലാവരുടെയും അനുമതിയോടെയാണ് തീരുമാനിച്ചതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ബി.ഡി.ജെ.എസിനു പുറമേ കേരള കോണ്‍ഗ്രസ്-പി.സി. തോമസ്, ജെ.എസ.്എസ്. (രാജന്‍ ബാബു), കേരള വികാസ് കോണ്‍ഗ്രസ്, ലോക് ജനശക്തി പാര്‍ട്ടി, എന്‍.ഡി.പി. (എസ്), നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്, ഗണകസഭ, സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭ എന്നീ പാര്‍ട്ടികളാണ് ദേശീയ ജനാധിപത്യസഖ്യത്തിലുള്ളത്.

'ബി.ജെ.പി.ക്ക് തമ്പ്രാന്‍-അടിയാന്‍ സംസ്‌കാരം'

കേരളത്തിലെ ബി.ജെ.പി.ക്ക് ഘടകകക്ഷികളോട് തമ്പ്രാന്‍-അടിയാന്‍ സംസ്‌കാരമാണെന്ന് വെള്ളാപ്പള്ളി. ഘടകക്ഷികളുമായി ചര്‍ച്ചനടത്താതെയാണ് ബി.ജെ.പി. കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ബി.ജെ.പി.യുടെ നേതാക്കള്‍ മുന്നാക്കക്കാരാണ്. പിന്നാക്കാഭിമുഖ്യമില്ലാതെയാണ് ഇവരുടെ തീരുമാനങ്ങളെല്ലാം.

കേന്ദ്രസര്‍ക്കാരിനുകീഴില്‍ സംസ്ഥാനത്തു നടത്തിയ 175 രാഷ്ട്രീയനിയമനങ്ങളില്‍ പിന്നാക്കക്കാരേയില്ല. സി.കെ. ജാനുവിന്റെയും ടി.വി. ബാബുവിന്റെയും സമുദായത്തിനുവേണ്ടിയും ഒന്നും ചെയ്തില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാണെന്ന കോടിയേരിയുടെ പ്രസ്താവന അനവസരത്തിലാണ്. കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നതില്‍ തര്‍ക്കമില്ല. രാജ്യത്ത് കോണ്‍ഗ്രസ് നാമാവശേഷമാകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.