വാണിയംകുളം: നെഹ്രുഗ്രൂപ്പ് ചെയര്‍മാന്റെ വീട്ടിലേക്ക് എ.ബി.വി.പി. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉന്തുംതള്ളും. ഡോ. പി. കൃഷ്ണദാസിന്റെ വീട്ടിലേക്കാണ് എ.ബി.വി.പി. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
 
പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ അജപാമഠത്തിന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. പാമ്പാടി നെഹ്രു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയ് ആത്മഹത്യചെയ്ത സംഭവത്തെത്തുടര്‍ന്നാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്.

പ്രവര്‍ത്തകര്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ചെറുത്തു. 10 മിനിറ്റോളം ഉന്തുംതള്ളുമുണ്ടായതിനെ ത്തുടര്‍ന്ന് നാല് എ.ബി.വി.പി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. ഇതോടെ അറസ്റ്റുചെയ്ത എ.ബി.വി.പി. പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച-ബി.ജെ.പി. പ്രവര്‍ത്തകര്‍ സംസ്ഥാനപാതയില്‍ കുത്തിയിരുന്നു. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

പിന്നീട്, നേതാക്കള്‍ പോലീസുമായി സംസാരിച്ച് അറസ്റ്റുചെയ്തവരെ വിട്ടയയ്ക്കാമെന്നറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ഒറ്റപ്പാലം സി.ഐ. പി. അബ്ദുള്‍മുനീറിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് വീടിന് സംരക്ഷണമൊരുക്കിയത്.

എ.ബി.വി.പി. ദേശീയ നിര്‍വാഹകസമിതി അംഗം കെ.വി. വരുണ്‍പ്രസാദ്, ജില്ലാ ജോ. കണ്‍വീനര്‍ എം.എം. ഷാജി, ടി.പി. അഖില്‍ദേവ്, ദീപുനാരായണന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്. കുത്തിയിരിപ്പുസമരത്തിന് എസ്. ധനേഷ്, കെ. ധനൂപ്, കെ. സനോജ് എന്നിവര്‍ നേതൃത്വംനല്‍കി.