road
ഫയല്‍ ചിത്രം
ഉപ്പുതറ: എസ്റ്റിമേറ്റിനു വിരുദ്ധമായി റോഡുപണിത പീരുമേട് എല്‍.എസ്.ജി.ഡി. അസി. എന്‍ജിനീയറോട് സ്വന്തംചെലവില്‍ 20 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. അല്ലാത്തപക്ഷം 2015-16 ഓഡിറ്റില്‍ സര്‍ക്കാരിനും പൊതുജനത്തിനും നഷ്ടമായ തുക ഈടാക്കിയെടുക്കുമെന്നും അസി. െഡവലപ്‌മെന്റ് കമ്മിഷണറുടെ (ജനറല്‍) ഉത്തരവില്‍ വ്യക്തമാക്കി.

ഏലപ്പാറ ശാന്തിനഗര്‍ കോളനി റോഡിന്റെ നിര്‍മാണത്തിലാണ് അസി. എന്‍ജിനീയര്‍ ക്രമംവിട്ടു പ്രവര്‍ത്തിച്ചത്. 117 മീറ്റര്‍ നീളത്തിലും മൂന്നുമീറ്റര്‍ വീതിയിലും റോഡ് കോണ്‍ക്രീറ്റു ചെയ്യാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. കോണ്‍ക്രീറ്റിങ് പോലുള്ള പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

മാത്രമല്ല, സ്വകാര്യവ്യക്തികളുടെ ആവശ്യപ്രകാരം വീതി 5.5 മീറ്ററായി ഉയര്‍ത്തുകയും നീളം 97 മീറ്ററായി കുറയുകയുംചെയ്തു. വീതി കൂട്ടിയതിനു സ്വകാര്യവ്യക്തിയില്‍നിന്ന് 8000 രൂപ പാരിതോഷികം വാങ്ങുകയുംചെയ്തു.

റോഡിന്റെ 20 മീറ്റര്‍ നീളം കുറയുകയുംചെയ്തു. ഇതുസംബന്ധിച്ച് പ്രദേശവാസി മുഖ്യമന്ത്രിക്കു പരാതി നല്‍കി. അന്വേഷണത്തില്‍, പരാതിയില്‍ പറഞ്ഞ ക്രമക്കേടുകള്‍ ശരിയാണെന്നു വ്യക്തമായി. തുടര്‍ന്നാണ്, സ്വന്തംചെലവില്‍ 20 മീറ്റര്‍ റോഡ് (ഗ്യാപ്പ്) കോണ്‍ക്രീറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവു നല്‍കിയത്.