കൊച്ചി: ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്ന, ആദ്യമായി പങ്കെടുക്കുന്ന ഫുട്‌ബോൾ ലോകകപ്പിന് 132 കോടി ജനങ്ങളുടെ സ്നേഹസ്വാഗതം. ഫിഫ അണ്ടർ 17 ലോകകപ്പിന് വെള്ളിയാഴ്ച സായാഹ്നത്തിൽ രാജ്യതലസ്ഥാനമായ ന്യ‍ൂഡൽ‌ഹിയിൽ കിക്കോഫ്. ഹൃദയവികാരവിചാരങ്ങൾ ഫുട്‌ബോളിനായി സമർപ്പിക്കാം. വിളവെടുപ്പിനു പാകമായ പാടംപോലെ രാജ്യത്തെ ആറു സ്റ്റേഡിയങ്ങൾ. വിജയങ്ങൾ കൊയ്തെടുക്കാൻ രണ്ടു ഡസൻ ടീമുകൾ.

ഇത് ഇളംകാലുകളുടെ ചെറിയ ചുവടുവെപ്പുകളാണെങ്കിൽ ലോകഫുട്‌ബോളിൽ ദരിദ്രരായ ഇന്ത്യയെ സംബന്ധിച്ച് പുരോഗതിയിലേക്കുള്ള വലിയ കുതിച്ചുചാട്ടമാണ്. സഹസ്രാബ്ദങ്ങളുടെ പ്രൗഢസംസ്കൃതിയുള്ള വിശാലരാജ്യം ഇപ്പോഴെങ്കിലും ലോകഫുട്‌ബോളിന്റെ വിസ്മയലോകത്ത് എത്തിയതിന്റെ അഭിമാനമുഹൂർത്തം.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡൽഹി ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കൊളംബിയ-ഘാന മത്സരത്തോടെ പതിനേഴാം ലോകകപ്പിന് തിരിതെളിയും. രാത്രി എട്ടിന് ഇന്ത്യയുടെ ആദ്യമത്സരം അമേരിക്കയുമായി, അതേ സ്റ്റേഡിയത്തിൽ. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ബ്രസീൽ-സ്പെയിൻ പോരാട്ടത്തോടെ കൊച്ചിയിലെ മത്സരങ്ങൾക്ക് സ്ഫോടനാത്മക തുടക്കമാകും. രാത്രി എട്ടിന് ഉത്തരകൊറിയയും നൈജറും നേർക്കുനേർ.  28-ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനൽ. 

ആറ് കോൺഫെഡറേഷനുകളിൽനിന്നായി യോഗ്യതാറൗണ്ട് കളിച്ചെത്തിയ 23 ടീമുകളും ഒപ്പം ആതിഥേയരെന്നനിലയിൽ നേരിട്ട് യോഗ്യത ലഭിച്ച ഇന്ത്യയും. വേദികളൊരുക്കുന്നത് കൊച്ചി, ന്യൂഡൽഹി, മുംബൈ, ഗോവ, ഗുവാഹാട്ടി, കൊൽക്കത്ത എന്നീ നഗരങ്ങൾ. ഇനിയുള്ള 23 ദിനരാത്രങ്ങൾ, ആറു വേദികളിലായി 504 കളിക്കാർ ആടിത്തിമർക്കും. 

ആറ്‌ ഗ്രൂപ്പുകളിലെ പ്രാഥമിക പോരാട്ടങ്ങൾക്കൊടുവിൽ ഓരോ ഗ്രൂപ്പിൽനിന്നും രണ്ടു ടീമുകൾ വീതം പ്രീക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യതനേടും. മികച്ച നാലു മൂന്നാം സ്ഥാനക്കാർക്കും പ്രവേശനമുണ്ട്. 16 മുതൽ പ്രീക്വാർട്ടർ പോരാട്ടങ്ങൾ. അവിടംമുതൽ ഷൂട്ടൗട്ടിന്റെ തീവ്രതയും പിരിമുറുക്കങ്ങളും. 21-ന് ക്വാർട്ടർ ഫൈനലുകൾക്ക് തുടക്കമാകും. 25-ന് സെമിഫൈനൽ മത്സരങ്ങൾ. ഒടുവിൽ സാൾട്ട്‌ലേക്കിലെ അന്തിമപോരാട്ടം.

ലോകഫുട്‌ബോളിന്റെ ഭാവിവാഗ്ദാനങ്ങളാണ് ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനിറങ്ങുന്നത്. അവരെ സംബന്ധിച്ച് സീനിയർ ടീമിലേക്കുള്ള സോപാനമാണ് ഈ ലോകകപ്പ്. അതുകൊണ്ട് പ്രതിഭയുടെ പരമാവധി ലോകത്തെ ബോധ്യപ്പെടുത്താൻ അവർ കഠിനപ്രയത്നം നടത്തും. റൊണാൾഡീന്യോ, നെയ്മർ, ലൂയി ഫിഗോ, ടോണി ക്രൂസ്, ജിയാൻലൂജി ബഫൺ, ആന്ദ്രെ ഇനിയേസ്റ്റ തുടങ്ങി പിൽക്കാലത്ത് ലോകഫുട്‌ബോളിനെ അടക്കിവാണ പല താരങ്ങളും അണ്ടർ 17 ലോകകപ്പിലൂടെ ഉയർന്നുവന്നവരാണ്. 

ഡൽഹിയിൽ അമേരിക്ക, കൊളംബിയ, ഘാന ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിൽ കളിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഏതൊരു ചെറിയ നേട്ടവും വലിയ സംഭവങ്ങളാവും. ഘാന മുൻ ചാമ്പ്യൻമാരാണ്. അമേരിക്കയും കൊളംബിയയും ശക്തരും. ആതിഥേയ ടീം ചാമ്പ്യൻമാരായിട്ടുണ്ട്, 2011-ൽ മെക്സിക്കോ. എന്നാൽ, ഇറ്റലിയും പെറുവും അടക്കമുള്ള എട്ട് ആതിഥേയ രാജ്യങ്ങൾ ആദ്യറൗണ്ടിൽത്തന്നെ പരാജയപ്പെട്ട ചരിത്രവുമുണ്ട്. 

ഈ ലോകകപ്പിന്റെ നഷ്ടങ്ങൾ നിലവിലെ ചാമ്പ്യൻമാരായ നൈജീരിയയും കേരളത്തിന്റെ പ്രിയടീമായ അർജന്റീനയുമാണ്. രണ്ടു രാജ്യങ്ങൾക്കും യോഗ്യതാറൗണ്ട് ജയിക്കാനായില്ല. അഞ്ചുവട്ടം ചാമ്പ്യൻമാരായ ടീമാണ് നൈജീരിയ.