കൊച്ചി: തലസീമിയ മേജര്‍, രക്താര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്ക് അവസാന പ്രതീക്ഷയായ രക്തമൂലകോശം ദാനംചെയ്ത് രണ്ട് യുവതികള്‍. തമിഴ്‌നാട് സ്വദേശിയായ ഡോ. കണ്‍മണിയും എറണാകുളം സ്വദേശി അശ്വിക കവിരാജനുമാണ് രക്തകോശം നല്‍കി രണ്ട് കുരുന്നുകളുടെ ജീവന്‍ രക്ഷിച്ചത്. രക്തമൂലകോശ ദാതാക്കളുടെ സംഘടന 'ദാത്രി'യുടെ നേതൃത്വത്തിലാണ് ഇത്.

രക്തമൂലകോശം ദാനംചെയ്ത ആദ്യ പെണ്‍കുട്ടിയാണ് ഡോ. കണ്‍മണി. എറണാകുളം അമൃത മെഡിക്കല്‍ കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കേ, കോളേജില്‍ നടന്ന ദാത്രിയുടെ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്ത് സാമ്പിളുകള്‍ നല്‍കി. 2015-ലാണ് ദാത്രി, കണ്‍മണിയുടെ മൂലകോശം ചേരുന്ന രോഗിക്ക് അതാവശ്യമാണെന്ന് അറിയിച്ചത്.

ഡോക്ടറായ അച്ഛന്‍ കണ്ണനും അധ്യാപികയായ അമ്മ തങ്കമണിയും മൂലകോശം നല്‍കുന്നതില്‍ പിന്തുണ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ബിരുദദാന ചടങ്ങിന് എത്തിയപ്പോഴായിരുന്നു കോശദാനം.

ഡോക്ടറായി പ്രതിജ്ഞയെടുത്ത ദിവസംതന്നെ ഒരു ജീവന്‍ രക്ഷിക്കാനായതിന്റെ നിര്‍വൃതിയാണ് ലഭിച്ചതെന്ന് കണ്‍മണി പറഞ്ഞു. ഇനി നാലുമാസംകൂടി കാത്തിരിക്കണം താന്‍ ജീവന്‍ നല്‍കിയ കുരുന്നിനെ കാണാന്‍. അതിനുള്ള കാത്തിരിപ്പിലാണ് കണ്‍മണി.

ഈ മാസമാദ്യമാണ് അശ്വിക കവിരാജന്‍ മൂലകോശം നല്‍കിയത്. ടി.സി.എസില്‍ ഉദ്യോഗസ്ഥയായ അവര്‍, കൂട്ടുകാരെല്ലാം സാമ്പിള്‍ നല്‍കിയപ്പോള്‍ കൂട്ടത്തില്‍ കൂടുകയായിരുന്നു.

ഒക്ടോബറില്‍ വൈദ്യപരിശോധന നടത്തി. നവംബര്‍ മൂന്നിന് കോശദാനം നടത്തി. 45 കിലോ മാത്രമുള്ള തനിക്ക് ഇതുവരെ രക്തദാനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനും മുകളില്‍ ഒരുകാര്യം ചെയ്യാന്‍ സാധിച്ചുവെന്ന സന്തോഷത്തിലാണ് അശ്വിക.

രക്താര്‍ബുദം പോലുള്ള രോഗങ്ങള്‍ അവസാനപ്രതീക്ഷയാണ് രക്തമൂലകോശം (സ്റ്റെം സെല്‍) മാറ്റിവെയ്ക്കല്‍. വളരെ എളുപ്പവും സുരക്ഷിതവുമായ പ്രക്രിയയാണിത്. ജനിതക സാമ്യമുള്ള രക്തമാണ് ഇതിനാവശ്യം. രോഗിക്ക് അനുയോജ്യമായ രക്തത്തില്‍നിന്ന് മൂലകോശങ്ങള്‍ വേര്‍തിരിച്ചെടുത്ത് രക്തം തിരികെ ദാതാവിന്റെ ശരീരത്തിലേക്ക് നല്‍കും. മൂലകോശം മാത്രമാണ് രോഗിക്ക് നല്‍കുക. രക്തദാനത്തിന് സമാനമായ പ്രക്രിയയാണിത്.