lorryതൃശ്ശൂര്‍: ഛത്തീസ്ഗഢില്‍നിന്നും ഒഡിഷയില്‍നിന്നും കേരളത്തിലേക്ക് സ്​പിരിറ്റൊഴുകുന്നു. പോലീസ് തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളി കോടാലി ശ്രീധരനാണ് ഇതിനുപിന്നില്‍. നടത്തിപ്പ് വരന്തരപ്പിള്ളി സ്വദേശി മണികണ്ഠന്‍ എന്ന സ്​പിരിറ്റ് മണിയും. മണിയെയും കൂട്ടരെയും തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഇവര്‍ തമിഴ്‌നാട്ടില്‍ റിമാന്‍ഡിലാണ്.

വലിയതോതില്‍ സ്​പിരിറ്റ് കടത്തുന്നുണ്ടെങ്കിലും കേരളത്തില്‍ സ്​പിരിറ്റ് വേട്ട കുറവാണ്. 40 ടണ്‍ കണ്ടെയ്‌നറില്‍ ആഴ്ചയില്‍ അഞ്ചുതവണ സ്​പിരിറ്റ് കടത്തുന്നുണ്ടെന്നാണ് തമിഴ്‌നാട് പോലീസിന് ലഭിച്ച വിവരം. ഇതു തമിഴ്‌നാടിനും കേരളത്തിനും വേണ്ടിയുള്ളതാണ്. 20 ബാറുകളില്‍ മണി നേരിട്ട് സ്​പിരിറ്റ് എത്തിക്കുന്നുണ്ട്.

കേരളത്തില്‍ കണ്ടെയ്‌നറില്‍ സ്​പിരിറ്റ് എത്തിക്കുന്നത് കുറവാണ്. പെയിന്റ്, തൈര് എന്നിവയ്ക്കിടയില്‍ ബാരലുകളില്‍ നിറച്ചാണ് ഇവ എത്തിക്കുന്നത്. പാക്കറ്റുകളിലാക്കി മറ്റ് ഉത്പന്നങ്ങള്‍ക്കിടയിലും കടത്തുന്നുണ്ട്. ജി.എസ്.ടി. ഉള്‍പ്പെടെയുള്ളവ അടച്ചാണ് ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതെന്നതിനാല്‍ പരിശോധനയുണ്ടാകുന്നില്ല.

മറ്റ് ഉത്പന്നങ്ങളാണ് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കവറുകള്‍ ഉണ്ടാക്കുന്നതും ശ്രീധരന്റെ സംഘം നേരിട്ടാണ്. ഛത്തീസ്ഗഢില്‍ ഇതിനായി ഒരു അച്ചടി യൂണിറ്റുണ്ടെന്നാണ് അറിയുന്നത്. ഇതിന് 16 ലക്ഷം രൂപ വിലയുള്ള യന്ത്രം ഇറക്കുമതി ചെയ്തിരുന്നതായി മണി പറയുന്നു.

ലിറ്ററിന് 80 മുതല്‍ 100 രൂപവരെയുള്ള സ്​പിരിറ്റ് ഇവിടെ മുന്നൂറ് രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരുമാസം ശ്രീധരന് ഇതിലൂടെ ഒരുകോടിരൂപ ലാഭമുണ്ടെന്നും പോലീസ് കണക്കുകൂട്ടുന്നു. കര്‍ണാടകയില്‍ ശ്രീധരന്റെ സ്​പിരിറ്റ് കച്ചവടം ജയ് എന്നയാള്‍ വഴിയാണ്.

കേരളത്തില്‍ ഡിസ്റ്റിലറികള്‍ക്കുപുറമേ ബാറുകളും കള്ളുഷാപ്പുകളും സ്​പിരിറ്റ് വാങ്ങുന്നുണ്ട്. സ്​പിരിറ്റും പ്രത്യേക പൊടിയും ചേര്‍ത്ത് അഞ്ചുലിറ്റര്‍ കള്ള് നൂറു ലിറ്ററാക്കാമെന്നാണ് മണിയും സംഘവും പോലീസിനോട് പറഞ്ഞത്.

മണി നിരവധി സ്​പിരിറ്റുകടത്തു കേസുകളില്‍ പ്രതിയാണ്. എന്നാല്‍ വന്‍തോതില്‍ കടത്ത് തുടങ്ങിയത് ശ്രീധരനുമായി ചേര്‍ന്നശേഷമാണ്. രണ്ടുവര്‍ഷം മുമ്പാണ് കൂട്ടുകെട്ട് തുടങ്ങുന്നത്. വന്‍സംഘവും ഇവര്‍ക്കുണ്ട്.