തിരുവനന്തപുരം: മേയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും അന്നുമുതല്‍ അവസാനിപ്പിക്കും. ഇക്കാര്യങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ചു. സംസ്ഥാനതല യോഗത്തിന്റെ തുടര്‍ച്ചയായി മേയ് ഒന്നിനുമുമ്പ് ജില്ലാ കളക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കും. യോഗത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണനും പങ്കെടുത്തു.

പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികള്‍ വരുമ്പോഴും അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനകള്‍ പ്രശ്‌നങ്ങളുണ്ടാക്കിയതുകൊണ്ട് കേരളത്തില്‍ ഒരു ദശാബ്ദത്തിനിടയില്‍ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ല.

അതേസമയം, കേരളത്തെക്കുറിച്ചുളള പൊതുപ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അത് വളരെ മോശമാക്കിയിട്ടുണ്ട്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീര്‍ത്തും അവസാനിപ്പിക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാ തൊഴിലാളിസംഘടനകളും ഇക്കാര്യത്തില്‍ സഹകരിക്കണം. കൂട്ടായ ശ്രമത്തിന് ഫലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആനത്തലവട്ടം ആനന്ദന്‍, കെ. ചന്ദ്രന്‍പിളള (സി.ഐ.ടി.യു.), ആര്‍. ചന്ദ്രശേഖരന്‍, വര്‍ക്കല കഹാര്‍ (ഐ.എന്‍.ടി.യു.സി.), കെ.എസ്. ഇന്ദുശേഖരന്‍ നായര്‍ (എ.ഐ.ടി.യു.സി), ജി. മാഹിന്‍ അബൂബക്കര്‍ (എസ്.ടി.യു.), ജി. സുഗുണന്‍ (എച്ച്.എം.എസ്), ജി.കെ. അജിത്, ശിവജി സുദര്‍ശന്‍ (ബി.എം.എസ്.), ഏഴുകോണ്‍ സത്യന്‍ (കെ.ടി.യു.സി.ജെ.), വിനോഭ താഹ (യു.ടി.യു.സി), സോണിയ (സേവ), ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടര്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.