krishnakumarതിരുവനന്തപുരം: പ്രസവത്തിനു ശേഷം ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയില്‍ ആദ്യമായി കാണാനെത്തിയയാളെ ഭാര്യാപിതാവ് കുത്തിക്കൊന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു.

സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരന്‍ വെള്ളായണി ഊക്കോട് മുകളൂര്‍മൂല മേല്‍തോട്ടത്ത് വീട്ടില്‍ കൃഷ്ണകുമാര്‍(29) ആണ് മരിച്ചത്. ഭാര്യാപിതാവ് കല്ലിയൂര്‍ വള്ളംകോട് സ്വദേശി ഉദയകുമാറി(52)നെ പോലീസ് തിരയുന്നു.

വിഷു ദിവസം വൈകീട്ട് വഞ്ചിയൂരിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കൃഷ്ണകുമാറിന്റെ ഭാര്യ വ്യാഴാഴ്ചയാണ് പ്രസവിച്ചത്. ഭാര്യ പ്രസവിച്ച വിവരം കൃഷ്ണകുമാര്‍ അറിഞ്ഞിരുന്നില്ല. ഞായറാഴ്ചയാണ് ഭാര്യ പ്രസവിച്ച വിവരം കൃഷ്ണകുമാര്‍ അറിഞ്ഞത്.

ഉടന്‍ സുഹൃത്തിനെയും കൂട്ടി ആശുപത്രിയില്‍ പോയി. അവിടത്തെ കാന്റീനില്‍ വച്ച് ഭാര്യാപിതാവ് ഉദയകുമാറിനെ കണ്ടു. ഭാര്യയെയും കുഞ്ഞിനെയും കാണിക്കില്ലെന്ന് ഉദയകുമാര്‍ പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതിനിടെ കൈയിലുണ്ടായിരുന്ന പേനാക്കത്തി കൊണ്ട് ഉദയകുമാര്‍ മരുമകനെ കുത്തിയെന്ന് പോലീസ് പറഞ്ഞു.

തടയാന്‍ ശ്രമിച്ച വഴയില സ്വദേശി അഖിലിനു പരിക്കേറ്റു. ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉദയകുമാറിന്റെ മകള്‍ അലീന കഴിഞ്ഞ 12-നാണ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. സുധാകരന്‍-പ്രഭാവതി ദമ്പതിമാരുടെ മകനായ കൃഷ്ണകുമാര്‍ ഒരു വര്‍ഷം മുന്‍പാണ് അലീനയെ വിവാഹംചെയ്തത്.

വഞ്ചിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.