Sister Abhayaതിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ രണ്ടാംപ്രതിയായ ഫാദര്‍ ജോസ് പുതൃക്കയലിനെ പ്രത്യേക സി.ബി.ഐ. കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണം. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ജോസ് പുതൃക്കയിലിനെ പ്രതിയാക്കാന്‍ പര്യാപ്തമായ ഒരുതെളിവും ഹാജരാക്കാന്‍ സി.ബി.ഐ.ക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉത്തരവിലുണ്ട്. ഹര്‍ജിയില്‍ വാദം കേട്ടപ്പോള്‍ത്തന്നെ ജോസ് പുതൃക്കയിലിന്റെ പങ്കു വ്യക്തമാക്കാന്‍ കോടതി സി.ബി.ഐ.യോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അതില്‍ പരാജയപ്പെടുകയായിരുന്നു.

കോടതിയിലെത്തിയ അന്വേഷണോേദ്യാഗസ്ഥന്‍ വി.ദേവരാജന് കോടതിയുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ കഴിഞ്ഞിരുന്നില്ല. ജോസ് പുതൃക്കയിലിനെ സംഭവദിവസം കോണ്‍വെന്റിലോ പരിസരത്തോ കണ്ടതായി സാക്ഷിമൊഴികള്‍ ഒന്നുമില്ല. സമീപത്തുള്ള പള്ളിയിലെ കാവല്‍ക്കാരന്‍ ദാസ് എന്ന ചെല്ലമ്മദാസ് ആണ് പുതൃക്കയില്‍ പലപ്പോഴും കോണ്‍വെന്റ് മതില്‍ ചാടിക്കടക്കുന്നതു കണ്ടിട്ടുള്ളത്. രാത്രികാവല്‍ക്കാരനായ ദാസ് സംഭവദിവസം പുതൃക്കയിലിനെ കണ്ടിട്ടില്ലെന്നാണ് മൊഴി നല്‍കിയിരുന്നത്.

പുതൃക്കയിലിന്റെ സ്വഭാവത്തെക്കുറിച്ചുള്ള സഹപ്രവര്‍ത്തക പ്രൊഫ. ത്രേസ്യാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലോ നാര്‍ക്കോ പരിേശാധനാഫലത്തിന്റെ അടിസ്ഥാനത്തിലോ ഇദ്ദേഹത്തെ പ്രതിയാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കേസിലെ ഒന്നാംപ്രതി ഫാദര്‍ തോമസ് എം.കോട്ടൂരിനെ അസമയത്ത് കോണ്‍വെന്റ് പരിസരത്തു കണ്ടിട്ടുള്ളതായി സാക്ഷിമൊഴികളുണ്ട്. ഇദ്ദേഹത്തിന്റെ വാഹനവും സമീപത്ത് പാര്‍ക്കുചെയ്തിരിക്കുന്നതു കണ്ടിട്ടുള്ളതായി അയല്‍വാസി മൊഴിനല്‍കിയിട്ടുണ്ട്. മാത്രമല്ല, നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് എതിരായ ഹര്‍ജി നല്‍കാന്‍ സാമൂഹികപ്രവര്‍ത്തകനെ സമീപിച്ചതും കുറ്റസമ്മതം നടത്തിയതും ഉത്തരവില്‍ എടുത്തുപറയുന്നു.

മൂന്നാംപ്രതി സെഫിക്കായിരുന്നു മെസ്സിന്റെ ചുമതല. സംഭവദിവസം താഴത്തെ നിലയില്‍ സെഫി മാത്രമാണ് ഉണ്ടായിരുന്നത്. സെഫിയുടെ സ്വഭാവത്തെക്കുറിച്ചും സാക്ഷിമൊഴികളുണ്ട്. സെഫിയുടെ മുറിക്കുസമീപം സിസ്റ്റര്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കാണപ്പെട്ടതും കോടതി പരാമര്‍ശിക്കുന്നുണ്ട്.

1992 മാര്‍ച്ച് 27-നാണ് പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയെ മരിച്ചനിലയില്‍ കണ്ടത്. കോണ്‍വെന്റിലെ കിണറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തല്‍.

സി.ബി.ഐ. അന്വേഷണത്തിലാണ് ഫാദര്‍ തോമസ് എം.കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ പ്രതികളായത്. വീണ്ടുംനടന്ന അന്വേഷണത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. വി.വി.അഗസ്റ്റിനെയും മുന്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.സാമുവലിനെയും തെളിവു നശിപ്പിച്ചതിന് സി.ബി.ഐ. പ്രതികളാക്കിയിരുന്നു.

ഇരുവരും മരണമടഞ്ഞശേഷമാണ് സി.ബി.ഐ. പ്രതിയാക്കിയത്. അന്ന് കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി.മൈക്കിളിനെ പ്രതിയാക്കിയിരുന്നുമില്ല.

മൈക്കിളിനെ പ്രതിയാക്കണമെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി പരിഗണിക്കവേയാണ് സി.ബി.ഐ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി മൈക്കിളിനെക്കൂടി പ്രതിയാക്കിയത്. എന്നാല്‍, ഈ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള വിധി മൈക്കിള്‍ നേടിയെടുത്തു.