തിരുവനന്തപുരം: കളക്ടറുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചു. ഏതാനും മിനിറ്റുമാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. കടുത്ത നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവത്തിലാക്കിയെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞതായാണ് അറിയുന്നത്.

മാര്‍ത്താണ്ഡം കായലിലെ ഭൂമികൈയേറ്റം, ലേക്ക് പാലസ് റിസോര്‍ട്ടിനു മുമ്പിലെ നിലംനികത്തല്‍, പാര്‍ക്കിങ്ങിനായി സ്ഥലം നികത്തല്‍ തുടങ്ങി ഒട്ടേറെ നിയമലംഘനങ്ങളാണ് കളക്ടര്‍ സ്ഥിരീകരിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ്. ആരോപണങ്ങളെക്കുറിച്ച് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. ചൊവാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടത്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ആയുധമാക്കും. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

പ്രതിപക്ഷവും ഭരണപക്ഷത്തുതന്നെയുള്ള സി.പി.ഐ.യും മന്ത്രി രാജിവയ്ക്കണമെന്ന അഭിപ്രായക്കാരാണ്. തന്റെ അഭിപ്രായംകൂടി ചേര്‍ത്താണ് കളക്ടറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ചൊവ്വാഴ്ച പറഞ്ഞു. അദ്ദേഹം എം.എന്‍. സ്മാരകത്തിലെത്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണുകയും ചെയ്തു. കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അവഗണിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സി.പി.ഐ.

നിയമലംഘനം സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരാണ് അഭിപ്രായം പറയേണ്ടതെന്ന് വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മാധ്യമശ്രദ്ധ കുറച്ചുദിവസത്തേക്ക് ആ വഴിക്കാകുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. അതുകൊണ്ടുതന്നെ തിരിക്കിട്ട് മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ട കാര്യമില്ലെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇതിന്റെ പേരിലാണ് കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം വരുന്നതുവരെ കാത്തിരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എത്രനാള്‍ തോമസ് ചാണ്ടിയെ സംരക്ഷിച്ചുകൊണ്ടുപോകാന്‍ കഴിയുമെന്ന് മുന്നണിയില്‍ സംശയമുയര്‍ന്നിട്ടുണ്ട്.

ശശീന്ദ്രനെതിരായ കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമം

തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന സാഹര്യമുണ്ടായാല്‍ എ.കെ. ശശീന്ദ്രനെ ആ സ്ഥാനത്ത് എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ മാറ്റാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ട്. ഡിസംബര്‍ ആറിന് ശശീന്ദ്രന്‍ കോടതിയിലെത്തി ജാമ്യമെടുക്കണം. അതിനുമുമ്പ് കേസ് ഒത്തുതീര്‍പ്പാക്കാനാണ് ഊര്‍ജിതമായ ശ്രമം.