തിരുവനന്തപുരം: വയോജന സംരക്ഷണമേഖലയില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാറിന്റെ മികച്ച സംസ്ഥാനത്തിനുള്ള അംഗീകാരം ലഭിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

വയോജന സംരക്ഷണനിയമം സുതാര്യമായി നടപ്പിലാക്കുന്നതിനും വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഒരുപോലെ എത്തിക്കുന്നതിലും സാമൂഹികനീതി വകുപ്പിന് കഴിഞ്ഞതിലുള്ള നേട്ടമാണ് അംഗീകാരമെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി 2007ല്‍ നിലവില്‍ വന്ന മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍ ആക്ട് 2007 ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയതിനാണ് അവാര്‍ഡ്. ഒക്ടോബര്‍ ഒന്‍പതിന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി കേരളത്തിനുള്ള അവാര്‍ഡ് സമ്മാനിക്കും. ആരോഗ്യമന്ത്രി പുരസ്‌കാരം ഏറ്റുവാങ്ങും.

വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സാമൂഹികനീതിവകുപ്പ് വഴിയും സാമൂഹികസുരക്ഷാ മിഷന്‍ വഴിയുമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമരുന്നും ചികിത്സയും ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി കഴിഞ്ഞ ഒരു വര്‍ഷത്തിനകം 40 നഗരസഭകളില്‍ പുതുതായി ആരംഭിച്ചു. 'വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം' എന്ന പേരില്‍ 14 ജില്ലകളില്‍ വയോജനങ്ങളെ ആദരിക്കുകയും അവര്‍ക്ക് മാനസികോല്ലാസം പകരുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങള്‍ക്ക് ആശ്വാസം പകരാനായി പകല്‍വീട് എന്ന പദ്ധതിക്ക് രൂപം നല്‍കിയതായും മന്ത്രി പറഞ്ഞു.