തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് മാറ്റാനുള്ള കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്ന് ഗവര്‍ണറും മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങളില്‍നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കി. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന മാതൃഭൂമി ന്യൂസിന്റെ കൃഷിഭൂമി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാനെത്തിയ ഗവര്‍ണര്‍ പി. സദാശിവം തന്റെ ഔദ്യോഗിക വാഹനത്തില്‍നിന്ന് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയാണ് എത്തിയത്. രാജ്ഭവനിലെ എല്ലാ വാഹങ്ങളുടെയും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

ബീക്കണ്‍ ലൈറ്റുകള്‍ മാറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്ന ഉടന്‍തന്നെ മന്ത്രി തോമസ് ഐസക് 13-ാം നമ്പര്‍ സ്റ്റേറ്റ് കാറില്‍നിന്ന് ചുവന്ന ബീക്കണ്‍ലൈറ്റ് മാറ്റി. തൊട്ടുപിന്നാലെ മന്ത്രി മാത്യു ടി. തോമസും ബീക്കണ്‍ ലൈറ്റ് മാറ്റാന്‍ തീരുമാനിച്ചു. ബീക്കണ്‍ ലൈറ്റ് ഇല്ലാത്ത വാഹനത്തിലാണ് ഇവര്‍ വ്യാഴാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനെത്തിയത്. ഇവരുടെ മാതൃക പിന്തുടരാനായിരുന്നു മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്റെയും എ.കെ. ബാലന്റെയും സി. രവീന്ദ്രനാഥിന്റെയും തീരുമാനം

സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് എന്നിവരും ബീക്കണ്‍ലൈറ്റ് ഒഴിവാക്കി. ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നതിന് മേയ് ഒന്നു വരെ സമയമുള്ള സാഹചര്യത്തില്‍ മന്ത്രിമാരും മറ്റും കൂട്ടായി തീരുമാനിച്ച് ഒഴിവാക്കിയാല്‍മതിയെന്ന നിലപാട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചതായറിയുന്നു. എന്നാല്‍ ഈ തീരുമാനം വരുന്നതിനുമുമ്പുതന്നെ പല മന്ത്രിമാരും ബീക്കണ്‍ ലൈറ്റ് മാറ്റിയിരുന്നു.

ബീക്കണ്‍ ലൈറ്റ് മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗികനിലപാട് ഉടന്‍ ഉണ്ടാകും. ഗുജറാത്ത്, ഒഡിഷ, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ബീക്കണ്‍ ലൈറ്റ് നിരോധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.