a ka saseendran
വീഴാനിതുമതി: കോഴിക്കോട് ഗസ്റ്റ്ഹൗസില്‍
രാജിപ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുമ്പ്
മാധ്യമങ്ങളെ കാണാനെത്തിയ
എ.കെ. ശശീന്ദ്രന്റെ കാലില്‍
കേബിള്‍ കുടുങ്ങിയപ്പോള്‍.  
ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ രാജിയിലേക്കെത്തിയ ഫോണ്‍വിളിയെക്കുറിച്ച് ഉന്നതതല പോലീസ് സംഘം അന്വേഷിക്കും. ധാര്‍മികതയുടെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും ഫോണ്‍വിളി സംബന്ധിച്ച് അന്വേഷണം വേണമെന്ന് ശശീന്ദ്രനും ഗൗരവമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്.

പുറത്തുവന്ന വിവാദ ഫോണ്‍സംഭാഷണം ശശീന്ദ്രന്റേതാണോ എന്ന പരിശോധനയാണ് ആദ്യം നടക്കുക. സ്ത്രീകളെ അപമാനിച്ചതിന്റെ പേരില്‍ ഉന്നതര്‍ക്കെതിരെ മുമ്പുണ്ടായിട്ടുള്ള ആരോപണങ്ങളിലെല്ലാം പരാതിക്കാര്‍ രംഗത്തുവന്നിരുന്നു.

ശശീന്ദ്രനെതിരായ ആരോപണത്തില്‍ പരാതിക്കാരാരും രംഗത്തുവന്നിട്ടില്ല. ഞായറാഴ്ച വൈകുംവരെ പോലീസിനെയോ സര്‍ക്കാരിനെയോ പരാതിയുമായി ആരും സമീപിച്ചിട്ടില്ല. ആരോപണവിധേയന്‍ തന്നെയാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫോണ്‍ വിവാദത്തില്‍ പരാതിക്കാര്‍ ഇല്ലാതെ വന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍, പെണ്‍കെണി സാധ്യതകള്‍ പരിശോധിക്കും. ഗൂഢലക്ഷ്യങ്ങളോടെ സ്ത്രീകളെ ഉപയോഗിച്ച് ഒരു വ്യക്തിയെ കുടുക്കുന്ന രീതിയാണ് പെണ്‍കെണി അഥവാ ഹണി ട്രാപ്പ്. ശശീന്ദ്രന്‍ സംഭവത്തില്‍ ഈ രണ്ടു സാധ്യതകളും പരിശോധിക്കും.

പുറത്തുവന്ന വിവാദ ശബ്ദരേഖയില്‍ സ്ത്രീശബ്ദം ഒഴിവാക്കിയ നിലയിലാണ്. സ്ത്രീയെ അപമാനിക്കുകയായിരുന്നോ എന്നത് സ്ഥിരീകരിക്കുന്നതിന് ഒഴിവാക്കപ്പെട്ട സ്ത്രീശബ്ദം വീണ്ടെടുക്കണം. സ്ത്രീ വിളിച്ചതിനു പുരുഷന്‍ മറുപടിനല്‍കുന്ന തരത്തിലാണ് പുറത്തുവന്ന ശബ്ദരേഖ.

മന്ത്രി സ്ഥാനമൊഴിഞ്ഞെങ്കിലും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായതെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. ബോധപൂര്‍വമായി ആരെങ്കിലും ഫോണ്‍വിവാദം സൃഷ്ടിച്ചതാണെങ്കില്‍ കടുത്ത നടപടിയുണ്ടാകും. എല്ലാ തരത്തിലുമുള്ള പരിശോധനയും നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാം.

മുഖ്യമന്ത്രി ഉള്‍പ്പെടെ 27 പേരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. ഈ ആരോപണം പോലീസ് പരസ്യമായി നിഷേധിച്ചുവെങ്കിലും പലരുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ സമ്മതിക്കുന്നു.

നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ആരോപണത്തില്‍ പറയുന്ന 27 പേരില്‍ ശശീന്ദ്രന്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടിവരും. സംസ്ഥാന പോലീസ് തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുന്പ് പരാതിപ്പെട്ടപ്പോള്‍ ചോര്‍ത്തല്‍ സാധ്യത ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ തള്ളിക്കളഞ്ഞിരുന്നില്ല.

കേരളാപോലീസിന്റെ സൈബര്‍ സുരക്ഷാവിഭാഗമായ സൈബര്‍ ഡോമില്‍ ഫോണ്‍ ചോര്‍ത്തുന്നതിന് സൗകര്യമുണ്ട്. ഇപ്പോഴത്തെ സംഭവത്തില്‍ പോലീസില്‍നിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.