തിരുവനന്തപുരം: ടെലിഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ എ.കെ. ശശീന്ദ്രന്‍ വിളിച്ചത് സി.പി.എം. സംസ്ഥാനസമിതി യോഗത്തിനിടെ. മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കൂടിയാലോചനയൊന്നുംകൂടാതെ ശശീന്ദ്രനെ അദ്ദേഹം അറിയിച്ചു.

മന്ത്രി രാജിവെച്ച വിവരം സംസ്ഥാനസമിതിയിലെ ചര്‍ച്ചകള്‍ക്ക് മറുപടിപറയവേ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു. പ്രശ്‌നത്തിന്റെ മറ്റുവശങ്ങളിലേക്കൊന്നും കോടിയേരി കടന്നില്ല.

ശശീന്ദ്രന്‍ ഒരു സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന വാര്‍ത്ത രാവിലെ ഒമ്പതുമണിയോടെ പുറത്തായിരുന്നു. പത്തിന് സംസ്ഥാനസമിതി തുടങ്ങി. പതിനൊന്നുമണിയോടെ മുഖ്യമന്ത്രിക്ക് ശശീന്ദ്രന്റെ ഫോണ്‍ വന്നു. രാജിസന്നദ്ധത അറിയിക്കാനാണ് ശശീന്ദ്രന്‍ വിളിച്ചത്. അതാണ് ശരിയായ തീരുമാനമെന്ന് മുഖ്യമന്ത്രി അപ്പോള്‍ത്തന്നെ മറുപടി നല്‍കി.

സമിതി ഉച്ചഭക്ഷണത്തിന് പിരിയുംമുമ്പ് മുഖ്യമന്ത്രി മറ്റ് നേതാക്കളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിരുന്നു. പ്രശ്‌നത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഇതുണ്ടായതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷമാണ് ശശീന്ദ്രന്‍ രാജിവെയ്ക്കുമെന്ന ധാരണ പരന്നത്.

'ഇത് ഒരു ചാനല്‍ അതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തുവിട്ടതാണ്. ഞാനാണ് ഈ ചാനല്‍ ഉദ്ഘാടനം ചെയ്തത്. നിങ്ങള്‍ ഉദ്ഘാടനത്തിന് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാവുമല്ലോയെന്ന് അന്നുതന്നെ ഞാന്‍ അവരോട് ചോദിച്ചിരുന്നു. അതിനാല്‍ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്'-മുഖ്യമന്ത്രി പറഞ്ഞു.