തിരുവനന്തപുരം: ശിക്ഷകഴിഞ്ഞ് ജയിലില്‍നിന്നിറങ്ങുന്നവര്‍ക്ക് ജോലി നിഷേധിക്കുന്ന അവസ്ഥയില്‍ മാറ്റംവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കണം. ജോലിക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കണം. ജയിലില്‍ കഴിഞ്ഞുവെന്നതുകൊണ്ട് ജോലി നിഷേധിക്കുന്ന നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാവധി കഴിഞ്ഞാലും ജയിലില്‍ കഴിയാം എന്ന ചിലരുടെ നിലപാട് പ്രോത്സാഹിപ്പിക്കരുത്. ജയിലില്‍ തൊഴില്‍ നല്‍കുന്നതു നല്ലതാണ്. സാഹചര്യങ്ങള്‍ കൊണ്ട് കുറ്റം ചെയ്തുപോയവരെ കൊടും കുറ്റവാളികളായിക്കാണുന്ന രീതി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.ബി.ടി.യുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ലൈബ്രറി, വിവിധ പുനരധിവാസ പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഒ. രാജഗോപാല്‍ എം.എല്‍.എ. അധ്യക്ഷനായി. ജയില്‍ മേധാവി ആര്‍. ശ്രീലേഖ, വാര്‍ഡ് കൗണ്‍സിലര്‍ വിജയലക്ഷ്മി, എസ്.ബി.ടി. ജനറല്‍ മാനേജര്‍ സാം കുട്ടി മാത്യു, ജയില്‍ ഡി.ഐ.ജി. ബി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.