തിരുവനന്തപുരം: വായ്പ അടച്ചുതീര്‍ത്തിട്ടും 'സിബിലി'ന്റെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ കുടിശ്ശികക്കാരനായി ചിത്രീകരിക്കപ്പെട്ട ഉപഭോക്താവിന് ബാങ്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന ഉപഭോക്തൃഫോറം വിധിച്ചു.

25 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് തിരുവനന്തപുരം കവടിയാര്‍ നിവാസിയായ എസ്.രഘുകുമാര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. പരാതി നല്‍കിയ ദിവസം മുതല്‍ 12 ശതമാനം പലിശയും നല്‍കണം.

വായ്പാതിരിച്ചടവില്‍ വീഴ്ചവരുത്തുന്നവരെക്കുറിച്ച് ബാങ്കുകള്‍ക്ക് വിവരം നല്‍കുന്ന ഏജന്‍സിയാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്(സിബില്‍). വായ്പയ്ക്ക് അര്‍ഹതയുണ്ടോയെന്ന് ബാങ്കുകള്‍ തീരുമാനിക്കുന്നത് ഈ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ്.

2002ല്‍ രഘുകുമാര്‍ വാഹനവായ്പ എടുത്തിരുന്നു. ഇത് 2008 ഏപ്രിലില്‍ തിരിച്ചടച്ചു തീര്‍ത്തു. 2015 ഡിസംബറില്‍ മറ്റൊരു വായ്പയ്ക്കായി മറ്റൊരു ബാങ്കിനെ സമീപിച്ചു. എന്നാല്‍, സിബില്‍ റിപ്പോര്‍ട്ട് പ്രകാരം വിജയകുമാര്‍ 71,463 രൂപ ആദ്യവായ്പയില്‍ കടക്കാരനാണെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു.

വായ്പ തിരിച്ചടച്ചിട്ടും ബാങ്കിന്റെ വീഴ്ചകൊണ്ടാണ് ഏഴുവര്‍ഷത്തോളം സിബിലിന്റെ റിപ്പോര്‍ട്ടില്‍ തന്നെ കുടിശ്ശികക്കരാനായി ഉള്‍പ്പെടുത്തിയതെന്ന് രഘുകുമാര്‍ പരാതിപ്പെട്ടു. ഇതിന് 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താന്‍ നടപടി തുടങ്ങിയതായി എതിര്‍കക്ഷികളായ ബാങ്ക് അധികൃതര്‍ അറിയിച്ചു. അതിനാല്‍ ഉപയോക്താവിന് സാമ്പത്തികനഷ്ടമുണ്ടായിട്ടില്ലെന്നും നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും അവര്‍ വാദിച്ചു. തങ്ങള്‍ ഇതില്‍ കക്ഷിയല്ലെന്നും ബാങ്ക് നല്‍കുന്ന വിവരമനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നും സിബില്‍ അറിയിച്ചു. സിബിലിന്റെ നിലപാട് ഉപഭോക്തൃഫോറം അംഗീകരിച്ചു. ബാങ്കിന്റെ വാദം തള്ളിക്കൊണ്ടാണ് അഞ്ചുലക്ഷം നല്‍കാന്‍ വിധിച്ചത്.