ആറു കോര്‍പ്പറേഷനുകളിലും ശേഷിക്കുന്ന നഗരസഭകളിലുമായി 95,479 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. അഞ്ചുമാസമായി പദ്ധതി തുടങ്ങിയെങ്കിലും ഇതില്‍ ഇതുവരെ വന്ധ്യംകരിക്കാനായത് വെറും 10,548 എണ്ണത്തെ. 26,270 വളര്‍ത്തുനായ്ക്കള്‍ക്ക് പേവിഷബാധ തടയാന്‍ പ്രതിരോധ കുത്തിവെയ്പും നല്കി. ഇതുവരെ ആകെ രജിസ്റ്റര്‍ചെയ്ത നായപിടിത്തക്കാര്‍ വെറും 42 ആണ്. കഴിഞ്ഞ ഓഗസ്റ്റില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരത്ത് പുല്ലുവിളയില്‍ 65-കാരിയായ ഷിലുവമ്മ മരിക്കുകയും കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് കടിയേല്‍ക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കിയത്. നവംബറിലാണ് ഇത് തുടങ്ങിയത്. എല്ലാ ജില്ലകളിലും തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ പ്രത്യേകസങ്കേതം ഉണ്ടാക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
എ.ബി.സി. നടപ്പാക്കാന്‍ തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. തദ്ദേശസ്ഥാപനങ്ങളെയാണ് ചുമതലപ്പെടുത്തിയത്. ആവശ്യത്തിന് നായപിടിത്തക്കാരോ ശസ്ത്രക്രിയ നടത്താനുള്ള മൃഗഡോക്ടര്മാരോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭ്യവുമല്ല. സംസ്ഥാനത്തിനാകെ ബാധകമായ ഏകീകൃതവും ശാസ്ത്രീയവുമായ രീതിയും നിര്‍ദേശിച്ചില്ല. തദ്ദേശ സ്ഥാപനങ്ങള്‍ സാധിക്കുന്നതുപോലെ ഇത് നടപ്പാക്കുകയാണ്. തദ്ദേശസ്ഥാപനങ്ങള്‍ ഇതിനായി ഇതുവരെ നീക്കിവെച്ചത് 9.52 കോടിരൂപയാണ്. ഇതുകൊണ്ട് ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനാവില്ല. തെരുവുനായ്ക്കളുടെ എണ്ണമെടുത്തത് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന നിബന്ധനകള്‍ പാലിക്കാതെയാണ്.
2012-ലെ കന്നുകാലി സെന്‍സസില്‍ വീടുകളില്‍ വളര്‍ത്തുന്നവ ഉള്‍പ്പെടെയുള്ള നായ്ക്കളുടെ കണക്കെടുത്തിരുന്നു. ഇതില്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് തദ്ദേശസ്ഥാപനങ്ങള്‍ കണക്ക് നല്‍കിയിരിക്കുന്നത്. കൃത്യമായ എണ്ണം കണക്കാക്കി ഓരോവര്‍ഷവും വന്ധ്യംകരിക്കേണ്ടവയുടെ എണ്ണം നിശ്ചയിക്കണം. ഒരു പ്രദേശത്തെ പകുതി നായ്ക്കളെയെങ്കിലും ഒരുവര്‍ഷംകൊണ്ട് വന്ധ്യംകരിച്ചാലേ മൂന്നുവര്‍ഷംകൊണ്ട് അവിടത്തെ നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനാവൂ. മിക്കയിടങ്ങളിലും പേരിനുമാത്രമാണ് വന്ധ്യംകരണം.
കോര്‍പ്പറേഷനുകള്‍ 6
മുനിസിപ്പാലിറ്റികള്‍ 87
എ.ബി.സി. പ്രോഗ്രാം നടക്കുന്നത് 28
മാറ്റിവെച്ച പണം 9.52 കോടി
നായ്ക്കളുടെ എണ്ണമെടുക്കാത്തവ 11
എണ്ണിയ നായ്ക്കള്‍ 95,479
വന്ധ്യംകരിച്ചത് 10,548
കുത്തിവെച്ചത് 26,270
നായപിടിത്തക്കാര്‍ 42
നായ്ക്കളുടെ കണക്കെടുക്കാത്ത നഗരസഭകള്‍
കൊല്ലം കോര്പ്പറേഷന്, മരട്, മൂവാറ്റുപുഴ, തൊടുപുഴ, പാനൂര്‍, പിറവം, വടക്കാഞ്ചേരി, ചെങ്ങന്നൂര്‍, കൊണ്ടോട്ടി, കോതമംഗലം, ഹരിപ്പാട്