പത്തനംതിട്ട: തെരുവുനായകളെ വന്ധ്യംകരിക്കണമെങ്കില്‍ ഇനി എല്ലാ സൗകര്യങ്ങളുമുള്ള ശീതീകരിച്ച ശസ്ത്രക്രിയാമുറിവേണം. ഇതുള്‍പ്പെടെ വന്ധ്യംകരിക്കാനുള്ള മാര്‍ഗനിര്‍ദേശം കൂടുതല്‍ കര്‍ശനമാക്കി. വന്ധ്യംകരണത്തിന് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ പുതിയ മാര്‍ഗനിര്‍ദേശം പാലിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണമെന്നും കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിനു കീഴിലുള്ള മൃഗക്ഷേമ ബോര്‍ഡ് നിര്‍ദേശിച്ചു.

അംഗീകാരം ഇല്ലാത്തവര്‍ വന്ധ്യംകരണജോലികള്‍ ചെയ്യുന്നത് വിലക്കി. വന്ധ്യംകരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടതിനെത്തുടര്‍ന്നാണ് നടപടി.

പ്രധാന നിര്‍ദേശങ്ങള്‍

* തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ തുടങ്ങി നായകളുടെ വന്ധ്യംകരണത്തിന് ഏല്‍പ്പിക്കുന്ന എല്ലാ ഏജന്‍സികളും മാനദണ്ഡങ്ങള്‍ പാലിക്കുന്നവരാകണം.

* ദിവസം 10 ശസ്ത്രക്രിയകള്‍ ചെയ്തിരിക്കണം. മാസം 300 എണ്ണവും.

* പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് നാലുമാസത്തേക്കാണ് അനുമതി. അതിനകം പരിശീലനം നേടിയ വെറ്ററിനറി ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ നിയമിക്കണം.

* ബോര്‍ഡിന്റെ പരിശോധനയ്ക്കുശേഷമേ സ്ഥിരമായ അംഗീകാരം കിട്ടൂ.

* വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കുമുമ്പ് നായയെ സജ്ജമാക്കാനുള്ള മുറി, അണുനശീകരണത്തിനുള്ള മുറി, മരുന്ന് സ്റ്റോര്‍, 24 മണിക്കൂറും വൈദ്യുതിയും വെള്ളവുമുള്ള കെട്ടിടം എന്നിവ വേണം.

* 50 നായകളെ ഇടാനുള്ള കൂട് സജ്ജമാക്കണം.

* ഗര്‍ഭാവസ്ഥയിലുള്ളത്, പരിക്കേറ്റവ, അസുഖമുള്ളവ, പകര്‍ച്ചവ്യാധികള്‍ ഉള്ളവ എന്നിവയ്ക്ക് പ്രത്യേക കൂട്

* നായകള്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ അടുക്കള ഉണ്ടാകണം. 24 മണിക്കൂറും കേന്ദ്രത്തില്‍ വെറ്ററിനറി ഡോക്ടറോ ചികിത്സാപരിചയം ഉള്ളവരോ ഉണ്ടാകണം.

* ഏജന്‍സിക്ക് സ്വന്തമായി മുഴുവന്‍സമയ വെറ്ററിനറി സര്‍ജന്‍ ഉണ്ടാകണം.

* രണ്ട് പാരാവെറ്ററിനറി ജീവനക്കാര്‍, മൂന്ന് പട്ടിപിടിത്തക്കാര്‍ എന്നിവരും ഉണ്ടാകണം.

* നായകളെ പിടിച്ചുകൊണ്ടുവരുന്ന കൂടുകള്‍ക്ക് വേണ്ടത്ര വായുസഞ്ചാരം ഉണ്ടാകണം.

* തറ വഴുക്കാന്‍ പാടില്ല. നായകള്‍ ഞെരുങ്ങാന്‍ പാടില്ല.

* നായപിടിത്തവും സംരക്ഷണകേന്ദ്രത്തിലേക്കുള്ള യാത്രയും ജി.പി.എസ്. മുഖാന്തരം നിരീക്ഷിക്കണം. ഏതുപ്രദേശം എന്ന് വ്യക്തമാകുന്ന രീതിയിലാകണം പ്രവര്‍ത്തനം.