തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് പാവപ്പെട്ട വിദ്യാർഥികൾക്ക് ഫീസിളവ് നല്കുന്നകാര്യത്തിൽ  സർക്കാർ നിയമോപദേശം തേടും. ഇതിനായി നിയമനിർമാണം സാധ്യമാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് ആലോചിക്കുക. തിങ്കളാഴ്ച ചേർന്ന സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. 

പാവപ്പെട്ട വിദ്യാർഥികൾക്ക് സബ്‌സിഡിയായി ഫീസിളവ് നല്കുന്നത് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ ലംഘനമായേക്കുമെന്ന് കക്ഷിനേതാക്കൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ നിയമവശങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ സർക്കാർ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഫീസ് അടക്കമുള്ള വിഷയങ്ങളിൽ മാനേജ്‌മെന്റുകളുമായി ചർച്ചനടത്താനും ആവശ്യമെങ്കിൽ വീണ്ടും സർവകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചു.  

വരുന്ന അധ്യയനവർഷം മുതൽ ദേശീയ പരീക്ഷയുടെ (നീറ്റ്)  റാങ്ക് ലിസ്റ്റിൽനിന്നുമാത്രം മെഡിക്കൽ സീറ്റുകളിൽ പ്രവേശനം നടത്തേണ്ടി വരുമ്പോഴുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനായാണ് സർവകക്ഷിയോഗം വിളിച്ചത്. എന്നാൽ, കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കൾ  യോഗത്തിൽ പങ്കെടുത്തില്ല. യോഗവിവരം യഥാസമയം അറിയിക്കാത്തതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് അവർ പിന്നീട് പ്രതികരിച്ചു.  

അതേസമയം, പ്രതിപക്ഷ നേതാവ് അടക്കമുള്ള യു.ഡി.എഫ്. നേതാക്കളെ യോഗവിവരം അറിയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   പാവപ്പെട്ട വിദ്യാർഥികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാൻ സഹായപദ്ധതി ആവിഷ്കരിക്കണമെന്നും കേരളാകോൺഗ്രസ് നേതാവ് കെ.എം. മാണി അഭിപ്രായപ്പെട്ടു.  സർക്കാർ ഇക്കാര്യത്തിൽ പ്രായോഗികസമീപനം സ്വീകരിക്കണമെന്നും സാമൂഹ്യനീതി ഉറപ്പാക്കണമെന്നും സി.പി.എം. നേതാവ് എം. വിജയകുമാറും കെ. പ്രകാശ് ബാബുവും  പറഞ്ഞു. 

സ്വാശ്രയ കോളേജുകൾ നേരിട്ട് പണം വാങ്ങുന്ന രീതി അവസാനിപ്പിക്കണമെന്നും കുട്ടികളിൽ  നിന്ന് നിശ്ചിത ഫീസ് സർക്കാർ വാങ്ങി കോളേജുകൾക്ക് നല്കുന്നരീതി നടപ്പാക്കണമെന്നും ബി.ജെ.പി. സംസ്ഥാനസെക്രട്ടറിമാരായ വി.വി. രാജേഷും സി. ശിവൻകുട്ടിയും നിർദേശിച്ചു. 

മന്ത്രിമാരായ കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വിവിധ കക്ഷിനേതാക്കളായ  കെ. കൃഷ്ണൻ കുട്ടി, പി.സി. ജോർജ്, ഉഴവൂർ വിജയൻ, ജി. സുഗുണൻ, സി. വേണുഗോപാലൻനായർ, ഉഴമലയ്ക്കൽ വേണുഗോപാൽ, വാക്കനാട്  രാധാകൃഷ്ണൻ, ഷാജി എസ്. പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.  

യോഗവിവരം അറിയിച്ചില്ല;
അപമാനകരമെന്ന് ചെന്നിത്തല 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ  പ്രവേശനം സംബന്ധിച്ച സർവകക്ഷിയോഗത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാതിരുന്നത് ദൗർഭാഗ്യവും അപമാനകരവുമെന്ന്   പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  സാധാരണ മുഖ്യമന്ത്രി  പ്രതിപക്ഷനേതാവുമായി ആലോചിച്ചാണ് സർവകക്ഷി യോഗത്തിന്റെ തീയതി നിശ്ചയിക്കാറ്. കഴിഞ്ഞ രണ്ടു തവണയായി ഇങ്ങനെ സംഭവിക്കുന്നില്ല. 

ഉപതിരഞ്ഞടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ  നാമനിർദേശപ്പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. നേതാക്കളെല്ലാം തിങ്കളാഴ്ച മലപ്പുറത്തായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ വിളിച്ച് സർവകക്ഷിയോഗത്തിന്റെ കാര്യം അധികൃതർ പറഞ്ഞത്. ഇത് തീർത്തും പ്രതിഷേധാർഹമാണെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.