* വിദ്യാഭ്യാസവകുപ്പ് പ്രാഥമിക നടപടി തുടങ്ങി
* കരട് തയ്യാറാക്കാന്‍ കലോത്സവ ചട്ടപരിഷ്‌കരണ സമിതി


കണ്ണൂര്‍: അപ്പീല്‍ പ്രളയത്തില്‍ മുങ്ങുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ രക്ഷിക്കാന്‍ സമഗ്ര കലോത്സവ നിയമം വരുന്നു. അടുത്ത സ്‌കൂള്‍തല കലോത്സവം തുടങ്ങുന്നതിനുമുമ്പ് ബില്‍ പാസാക്കുന്നതിനായി വിദ്യാഭ്യാസവകുപ്പ് പ്രാഥമിക നടപടികള്‍ തുടങ്ങി. അപ്പീല്‍ അനുവദിക്കാനുള്ള ആധികാരികത ആര്‍ക്കെന്ന് അനുശാസിക്കലാണ് നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനുമുന്നോടിയായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.പി.ഐ.) ചെയര്‍മാനായി കലോത്സവ ചട്ടപരിഷ്‌കരണ സമിതി രൂപവത്കരിച്ചു. സമിതിയുടെ നേതൃത്വത്തില്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് ഫെബ്രുവരിയില്‍ ശില്പശാല നടത്തും. ഇതില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കരട് തയ്യാറാക്കുക.

വിധിനിര്‍ണയത്തില്‍ പിന്തള്ളപ്പെട്ടുവെന്ന് തോന്നുന്നവര്‍ ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അധ്യക്ഷനായ വിദഗ്ധസമിതിക്ക് പരാതി നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആ സമിതിക്കുമുന്നില്‍ പരിപാടി അവതരിപ്പിച്ച് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുത്തി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നേടണമെന്നതാണ് വ്യവസ്ഥ. എന്നാല്‍, ഇതൊക്കെ പാലിക്കുന്നുണ്ടോയെന്നാണ് സംശയം.  നിലവില്‍ പലമാര്‍ഗങ്ങളിലൂടെ അപ്പീലുകള്‍ വരുന്നുണ്ട്. ഇതിന് തടയിടുകയാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ കലോത്സവച്ചട്ടം പരിഷ്‌കരിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നീക്കം.

അപ്പീല്‍ അനുവദിക്കുന്നതില്‍ മുന്നില്‍ ലോകായുക്ത

ലോകായുക്ത വഴിയാണ് വന്‍തോതില്‍ അപ്പീലുകാര്‍ മത്സരത്തിനെത്തുന്നത്. ഈവര്‍ഷം കോടതികള്‍വഴി ഇതേവരെ എത്തിയ 300 പേരില്‍ 126-ഉം ലോകായുക്ത വഴിയാണ്. ഗ്രൂപ്പിനത്തില്‍ ഏഴുമുതല്‍ പത്തുപേര്‍ വരെയുണ്ടാകുന്നത് കണക്കിലെടുത്താല്‍ ഇങ്ങനെയെത്തിയവരുടെ എണ്ണം അഞ്ഞൂറോളം വരും. ഇത്തവണ ഹൈക്കോടതി വഴി മത്സരത്തിനെത്തിയത് ഒരാള്‍ മാത്രമാണ്.

വിദ്യാഭ്യാസവകുപ്പിന് 5000 രൂപ കെട്ടിവെച്ചാണ് മത്സരാര്‍ഥികള്‍ അപ്പീല്‍ നല്‍കുന്നത്. ജില്ലാതല മത്സരത്തില്‍ ലഭിച്ചതിനേക്കാളും ഒരു പോയന്റെങ്കിലും കൂടുതല്‍ കിട്ടിയാല്‍ കെട്ടിവെച്ച തുക തിരിച്ചുനല്‍കും.
 
അപ്പീലിലൂടെയെത്തുന്നവരില്‍ മിക്കവര്‍ക്കും പോയന്റ് കൂടുതല്‍ ലഭിക്കുന്നതായാണനുഭവം. എന്നാല്‍, ആകെ 14 പേര്‍ മാത്രം മത്സരിക്കേണ്ട ഇനത്തില്‍ 50-ല്പരം പേര്‍ മത്സരിക്കാനെത്തുന്നത് വലിയ വിനയാകുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യം ബുധനാഴ്ച രാവിലെ ഏഴരയ്ക്കാണ് സമാപിച്ചത്.

800 അപ്പീല്‍; 2000 പേര്‍

കലോത്സവം മൂന്നുദിവസം പിന്നിടുമ്പോള്‍ അപ്പീലിലൂടെ മത്സരിക്കാനെത്തിയത് രണ്ടായിരത്തോളം പേര്‍. കഴിഞ്ഞവര്‍ഷം 850 ടീമുകളോ വ്യക്തികളോ ആണ് അപ്പീലിലൂടെയെത്തി മത്സരിച്ചത്. ഇത്തവണ മൂന്നുദിവസത്തിനകംതന്നെ അത്രയുംപേര്‍ അപ്പീലിലൂടെയെത്തി.

അപ്പീല്‍ ഒറ്റനോട്ടത്തില്‍

ഭരതനാട്യം (എച്ച്.എസ്.എസ്.)- 37
ഒപ്പന (പെണ്‍. എച്ച്.എസ്.എസ്.)- 25
മോഹിനിയാട്ടം (പെണ്‍. എച്ച്.എസ്.എസ്.)- 24
മോഹിനിയാട്ടം (എച്ച്.എസ്. പെണ്‍)- 21
തിരുവാതിര (എച്ച്.എസ്.എസ്.)- 18
കേരളനടനം (എച്ച്.എസ്.എസ്. പെണ്‍)- 17
തിരുവാതിര (എച്ച്.എസ്.)- 16
മൂകാഭിനയം (എച്ച്.എസ്.എസ്.)- 16
കഥാപ്രസംഗം (എച്ച്.എസ്.എസ്.)- 16
കേരളനടനം (എച്ച്.എസ്.)- 14
ഭരതനാട്യം (എച്ച്.എസ്. പെണ്‍)- 13
കുച്ചിപ്പുഡി (എച്ച്.എസ്.എസ്. പെണ്‍)- 13
കുച്ചിപ്പുഡി (എച്ച്.എസ്. പെണ്‍)- 12
കുച്ചിപ്പുഡി ( എച്ച്.എസ്.എസ്. ആണ്‍)- 11
ഭരതനാട്യം (എച്ച്.എസ്.എസ്. ആണ്‍)- 11
ചവിട്ടുനാടകം (എച്ച്.എസ്.എസ്.) -10
നാടോടിനൃത്തം (എച്ച്.എസ്.എസ്. പെണ്‍)- 8
നാടോടിനൃത്തം (എച്ച്.എസ്. പെണ്‍)- 7