കാളികാവ്: വനംവകുപ്പ് സൂക്ഷിക്കുന്ന അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ മാവോവാദികളില്‍നിന്ന് ലഭിച്ചു. നിലമ്പൂര്‍ മേഖലയിലെ ആദിവാസികളുടെ സ്ഥിതിവിവരപ്പട്ടികകള്‍ ഉള്‍പ്പെടെ മാവോവാദികളുടെ കൂടാരത്തില്‍നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

വിവരാവകാശനിയമപ്രകാരം വിവരംനല്‍കേണ്ടാത്ത രേഖകളടക്കം മാവോവാദികളില്‍നിന്ന് കണ്ടെടുത്തത് അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്. അധികൃതരുടെ അറിവോടെയല്ലാതെ രേഖകള്‍ ലഭിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.

ഉള്‍വനത്തിലൂടെയുള്ള പാതകളുടെ രേഖ, ആദിവാസികള്‍ ഉള്‍പ്പെട്ട വനസംരക്ഷണസമിതിയുടെ വിവരങ്ങള്‍, ആദിവാസികളുമായി ഇടപഴകുന്നതിന് നിയോഗിച്ച വനപാലകരുടെ പേരുവിവരങ്ങള്‍ തുടങ്ങിയവയും മാവോവാദികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത്രയും രേഖകള്‍ ആരെങ്കിലും വിവരാവകാശപ്രകാരം ചോദിച്ചതായും വിവരമില്ല. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മാവോവാദികളെ സഹായിക്കുന്നുണ്ടെന്ന സംശയം ബലപ്പെടുന്ന സാഹചര്യമാണുള്ളത്.

ആദിവാസികളെ സംബന്ധിക്കുന്ന രേഖകള്‍ ലാപ്‌ടോപ്പിലും ടാബുകളിലുമായി ഡിജിറ്റല്‍ രേഖകളായിട്ടാണ് മാവോവാദികള്‍ സൂക്ഷിച്ചിട്ടുള്ളത്. കരുളായി റെയ്ഞ്ചിലെ മാഞ്ചീരി, നെടുങ്കയം, മുണ്ടക്കടവ്, ഉച്ചക്കുളം, തീക്കടി, കാളികാവ് റെയ്ഞ്ചിലെ ചോക്കാട് നാല്പത് സെന്റ്, പാട്ടക്കരിമ്പ്, ചിങ്കക്കല്ല്, ചേനപ്പാടി, അച്ചനള, തൊളപ്പന്‍കൈ, മണ്ണാര്‍മല, ചീനിക്കപ്പാറ തുടങ്ങിയ കോളനികളുടെ അടിസ്ഥാന വിവരങ്ങളുള്‍പ്പെടെ മാവോവാദികള്‍ വനംവകുപ്പില്‍നിന്ന് ശേഖരിച്ചിട്ടുണ്ട്.

വനംവകുപ്പിന്റെ രേഖകള്‍ ലഭിച്ചത് പുതിയ വനപാത കണ്ടെത്താനും മാവോവാദികള്‍ക്ക് സഹായകമായിട്ടുണ്ട്. ആദിവാസികളെക്കുറിച്ച് പഠനംനടത്തി കൂടെനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് രേഖകള്‍ മാവോവാദികള്‍ കൈവശപ്പെടുത്തിയതെന്നാണ് കരുതുന്നത്.

നിലമ്പൂര്‍ വനമേഖലയോട് ചേര്‍ന്നുള്ള ഭൂരിഭാഗം കോളനികളിലും മാവോവാദികള്‍ എത്തുകയും ആദിവാസികളെ സ്വധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിട്ടും മാവോവാദികളോട് അടുക്കാത്തവരെ പണംനല്‍കി കൂടെനിര്‍ത്താനുള്ള ശ്രമവും നടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
 
മാവോവാദികളില്‍നിന്ന് പിടിച്ചെടുത്ത നാലരലക്ഷം രൂപയില്‍ ഭൂരിഭാഗവും ഇങ്ങനെ ചെലവഴിക്കാനായി മാറ്റിവെച്ചതാണെന്നും നിഗമനമുണ്ട്. വനംവകുപ്പില്‍നിന്ന് രഹസ്യരേഖകള്‍ പുറത്തായത് അന്വേഷണസംഘം ഗൗരവത്തോടെയാണ് കാണുന്നത്.
മാവോവാദികളില്‍നിന്ന് ലഭിച്ച രേഖകളില്‍ സഹായിക്കുന്നവരെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. വനംവകുപ്പിലെ ചില ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുമുണ്ട്.