കാസര്‍കോട്: ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് പുതിയ റേഷന്‍കാര്‍ഡ് നല്‍കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശങ്ങളോടെ തിരിച്ചേല്പിച്ച പട്ടിക പുനഃപരിശോധിക്കാന്‍ ഉത്തരവ്. അന്തിമപ്പട്ടിക തയ്യാറാക്കുന്നതിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിച്ചവരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്നാണ് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.

ഓരോ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കുകീഴിലും എത്ര വീതം അനര്‍ഹരെയും അര്‍ഹരെയും തദ്ദേശസ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പ്രത്യേകമായി തരംതിരിച്ച് പരിശോധിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായത്തിന്റെ നിജസ്ഥിതി, വരുമാനം, ക്ലേശഘടകങ്ങളുടെ അവസ്ഥ, പരിശോധനനടത്തുന്ന ദിവസം അടിസ്ഥാനപ്പെടുത്തിയുള്ള തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ എന്നിവയെല്ലാം വ്യക്തമായി പരിശോധിക്കും.

പുതിയ ഫോറത്തില്‍ നല്‍കിയ മാനദണ്ഡം അനുസരിച്ച് ലഭ്യമായ മാര്‍ക്ക് ഏപ്രില്‍ പതിനഞ്ചിനു മുമ്പ് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് താലൂക്ക് ഓഫീസര്‍മാര്‍ കൈമാറണം. അത് ജില്ലാ ഓഫീസര്‍ ക്രോഡീകരിച്ച് ഏപ്രില്‍ പതിനേഴിനു മുമ്പ് സിവില്‍ ഡയറക്ടര്‍ക്ക് എത്തിക്കണം.

മുന്‍ഗണനപ്പട്ടികയില്‍ തുടരാന്‍ അര്‍ഹരല്ലെന്നത് സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്നും റേഷന്‍കടക്കാരില്‍നിന്നും കിട്ടിയ വിവരങ്ങളിലും വ്യക്തമായി അന്വേഷണം നടത്തണം. വീടുകയറിയുള്ള പരിശോധനയില്‍ അനര്‍ഹരായവര്‍ റേഷന്‍ വിഹിതം വേണ്ടെന്ന് അറിയിക്കുകയാണെങ്കില്‍ അക്കാര്യം ഏപ്രില്‍ 29-ന് മുമ്പ് അറിയിക്കണം. റേഷന്‍ ഇന്‍സ്‌പെക്ടര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടാണ് കമ്മിഷണറേറ്റിലേക്ക് അയക്കേണ്ടത്.

പുതിയ റേഷന്‍കാര്‍ഡിന്റെ പുറം ചട്ടയുടെ അച്ചടി ഏതാണ്ട് പൂര്‍ത്തിയായി. അകത്തെ പേജുകളുടെ പ്രിന്റിങ് കഴിഞ്ഞു. രണ്ടും ചേര്‍ത്ത് കാര്‍ഡ് രൂപത്തിലാക്കേണ്ട ജോലി മാത്രമാണ് ഇനി ബാക്കിയുള്ളത്. പുതിയ റേഷന്‍ കാര്‍ഡ് നല്‍കിയാലും അന്തിമപ്പട്ടികയില്‍ വരുന്ന തിരുത്തലുകള്‍ക്ക് അനുസരിച്ചുള്ള മാറ്റം തുടര്‍ന്ന് വരുത്താനാണ് വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്.