തിരുവനന്തപുരം: വാതില്‍പ്പടി വിതരണ ദര്‍ഘാസിലെ അപാകംകാരണം സര്‍ക്കാരിന് പ്രതിമാസം രണ്ടുകോടിയുടെ അധിക ബാധ്യത. മൊത്തവിതരണ കേന്ദ്രത്തില്‍നിന്ന് ധാന്യം റേഷന്‍കടകളില്‍ നേരിട്ടെത്തിക്കുന്ന വാതില്‍പ്പടി വിതരണത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച സപ്ലൈകോയുടെ ദര്‍ഘാസിലെ വ്യക്തതക്കുറവാണ് പ്രശ്‌നം.

റേഷന്‍ധാന്യം നീക്കംചെയ്യുന്നതിനും ഗതാഗതത്തിനും വിതരണത്തിനുമാണ് ദര്‍ഘാസ് ക്ഷണിച്ചത്. കയറ്റിറക്കിനെക്കുറിച്ച് കൃത്യമായ പരാമര്‍ശം ദര്‍ഘാസില്‍ രേഖപ്പെടുത്തിയിട്ടില്ല. സാധനം കടകളിലെത്തിക്കുന്നതിനുള്ള കിലോമീറ്റര്‍നിരക്ക് മാത്രമാണ് കരാറുകാര്‍ രേഖപ്പെടുത്തിയത്.

ഒരു ക്വിന്റല്‍ ധാന്യത്തിനുള്ള കിലോമീറ്റര്‍നിരക്ക് രേഖപ്പെടുത്താനായിരുന്നു നിര്‍ദേശം. ഇതോടെ കയറ്റിറക്കുകൂലി സര്‍ക്കാര്‍ നല്‍കേണ്ട അവസ്ഥയായി.

കയറ്റിറക്കില്‍ക്കുടുങ്ങി വാതില്‍പ്പടി മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ തീരുമാനിച്ചു. സംസ്ഥാനാടിസ്ഥാനത്തില്‍ കയറ്റിറക്കിന് ഏകീകൃതനിരക്ക് ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്ക് റേഷന്‍ വിതരണംചെയ്യുന്ന കരാറുകാരന്‍ നല്‍കുകയും പിന്നീട് സര്‍ക്കാര്‍ തിരികെനല്‍കുകയും ചെയ്യും.

റേഷന്‍ധാന്യങ്ങളുടെ ചോര്‍ച്ച തടയുകയായിരുന്നു വാതില്‍പ്പടി വിതരണത്തിന്റെ ലക്ഷ്യം. സപ്ലൈകോയ്ക്കായിരുന്നു മേല്‍നോട്ടച്ചുമതല. സപ്ലൈകോ ധാന്യം നേരിട്ട് റേഷന്‍ കടകളിലെത്തിക്കും. ഇതോടെ ചോര്‍ച്ച തടയാനാകുമെന്നാണ് പ്രതീക്ഷ. പരീക്ഷണാടിസ്ഥാനത്തില്‍ ഈമാസം 13-ന് കൊല്ലത്ത് വാതില്‍പ്പടി വിതരണം ആരംഭിച്ചു.

കൃത്യമായ അളവില്‍ അരി ലഭിക്കുന്നില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ പരാതി. 50 കിലോ ചാക്കില്‍ 48 കിലോ അരിയേ ലഭിക്കുന്നുള്ളൂ. വാതില്‍പ്പടി നിശ്ചയിച്ചപ്പോള്‍ അതില്‍ റേഷന്‍കടകള്‍ക്ക് നല്‍കുന്ന അരി തൂക്കിനല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ല.

അടുത്തമാസംമുതല്‍ റേഷനിലെ തൂക്കം ഉറപ്പാക്കാനുള്ള നടപടിയെടുക്കാമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് കടയുടമകള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. ഇതുവരെ തൂക്കം കുറവായിരുന്നെങ്കിലും കടയുടമകള്‍ പരാതിപ്പെട്ടിരുന്നില്ല. തൂക്കം കുറയുന്നതനുസരിച്ച് കടക്കാരും തൂക്കത്തില്‍ കുറവുവരുത്തുമായിരുന്നു. എന്നാല്‍, ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ച് തൂക്കിനല്‍കുന്നതോടെ വെട്ടിപ്പ് നടത്താനാകാത്ത സ്ഥിതിവരും. കുറവ് വരുന്ന അരിയുടെ നഷ്ടം കടയുടമ സഹിക്കേണ്ടിവരുമെന്നാണ് ഉടമകളുടെ പരാതി.

ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് വാതില്‍പ്പടി വിതരണം നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍, കയറ്റിറക്കുകൂലിയുടെ പേരില്‍ കരാര്‍ അംഗീകരിക്കുന്നതിനെതിരേ ഒരുവിഭാഗം മൊത്തവിതരണക്കാര്‍ കോടതിയെ സമീപിച്ചതും വാതില്‍പ്പടി വിതരണം വൈകിപ്പിച്ചു.