തിരുവനന്തപുരം: വര്‍ഗീയതയെ നേരിടേണ്ടത് വര്‍ഗീയതകൊണ്ടല്ല, മാനവികമൂല്യങ്ങള്‍കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു വിഭാഗം വര്‍ഗീയത പടര്‍ത്തുമ്പോള്‍ അതിനെ വര്‍ഗീയതകൊണ്ടു നേരിടാന്‍ ശ്രമിക്കരുത്. ഏകശിലാരൂപത്തിലുള്ള മതാധിഷ്ഠിത ഭരണം അടിച്ചേല്പിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അടിസ്ഥാനമൂല്യങ്ങളെ ഒറ്റുകൊടുത്തുകൊണ്ട് രാജ്യത്തിന്റെ വൈവിധ്യം തകര്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക-എസ്.ഐ.യു.സി.യുടെ നൂറ്റിപ്പത്താം വാര്‍ഷികാചരണത്തിന്റെ ഉദ്ഘാടനവും ഭവനനിര്‍മാണ പദ്ധതിയുടെ താക്കോല്‍ദാനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രാഥമികവിദ്യാഭ്യാസവും ആധുനികചികിത്സയും പ്രദേശത്തുള്ളവര്‍ക്ക് ആതുരശുശ്രൂഷാരംഗത്ത് വിദ്യാഭ്യാസവും നല്‍കി, മലയാളിസമൂഹത്തിന്റെ ഉന്നതിക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. എന്നാലിപ്പോള്‍ വിദ്യാഭ്യാസവും ചികിത്സയും 'ബിഗ് ബിസിനസ്' ആയിരിക്കുകയാണ്. ആദ്യകാലഘട്ടത്തിലെ ധാര്‍മികമൂല്യങ്ങളുടെ ചോര്‍ച്ചയാണിത്. പഴയകാലത്തെ മൂല്യങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ട് വിദ്യാഭ്യാസരംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാകണം -മുഖ്യമന്ത്രി പറഞ്ഞു.

ബിഷപ്പ് ധര്‍മരാജ് റസാലം അധ്യക്ഷനായി. സി.എസ്.ഐ. വിഭാഗത്തിനു ലഭിച്ച സംവരണം മറ്റു സമുദായങ്ങള്‍ക്കായി പങ്കിടാനാകില്ലെന്ന് ബിഷപ്പ് പറഞ്ഞു. മറ്റു സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍, നിരന്തരമായ ആവശ്യങ്ങളിലൂടെ തങ്ങള്‍ക്കു ലഭിച്ച സംവരണാനുകൂല്യം പങ്കുവയ്ക്കണമെന്നാവശ്യപ്പെടുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവര്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ദക്ഷിണേന്ത്യ സഭാ മോഡറേറ്റര്‍ തോമസ് കെ.ഉമ്മന്‍ അനുഗ്രഹപ്രഭാഷണം നടത്തി.

സഭാനവീകരണത്തിന്റെ അഞ്ഞൂറാം വാര്‍ഷികദിന സന്ദേശം ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് ഡോ. കെ.ജി.ഡാനിയേല്‍ നല്‍കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.രാജു, ശശി തരൂര്‍ എം.പി., എം.എല്‍.എ.മാരായ വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍, സി.കെ.ഹരീന്ദ്രന്‍, കെ.ആന്‍സലന്‍, എന്‍.ശക്തന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മഹായിടവക സെക്രട്ടറി ഡോ. എന്‍.സെല്‍വരാജ്, ഷെര്‍ളി റസാലം, നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍.ഹീബ, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ സംസാരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന, മംഗല്യ വിവാഹപദ്ധതിയിലേക്കുള്ള ആദ്യ സംഭാവന സ്വീകരണം, സ്വയംതൊഴില്‍ സഹായപദ്ധതി, വിദ്യാഭ്യാസസഹായ വിതരണം, ഉന്നതസ്ഥാനീയര്‍ക്ക് അനുമോദനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു.

എല്‍.എം.എസ്. കോമ്പൗണ്ടില്‍ സമാപിച്ച വന്‍ റാലിയോടുകൂടിയാണ് വാര്‍ഷികാഘോഷം നടന്നത്.