കോട്ടയം: മൂന്നാര്‍ കൈയേറ്റഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത എതിര്‍പ്പ്. കോട്ടയത്ത് വ്യാഴാഴ്ച കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യവേയാണ് മുഖ്യമന്ത്രി ഇതിനെതിരേ പൊട്ടിത്തെറിച്ചത്.

''ഇന്നുകാലത്ത് ഇടുക്കിയില്‍ മൂന്നാര്‍ഭാഗത്ത് കൈയേറ്റം ഒഴിപ്പിക്കാന്‍ സ്വീകരിച്ച നടപടി തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. കുരിശ് തകര്‍ക്കുകയും കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്തു. കുരിശ് തകര്‍ത്തതില്‍ സര്‍ക്കാരിനുള്ള അതൃപ്തി ജില്ലാ ഭരണനേതൃത്വത്തെ രാവിലെത്തന്നെ അറിയിച്ചിട്ടുണ്ട്.

അവിടെ കൈയേറ്റമുണ്ടെങ്കില്‍ സര്‍ക്കാരും വിട്ടുവീഴ്ചയ്ക്കില്ല. എന്നാല്‍, കൈയേറ്റക്കാരെ ഒഴിപ്പിക്കുമ്പോള്‍ കുരിശ് എന്തുപിഴച്ചു. ഒരു നല്ലവിഭാഗം ജനങ്ങള്‍ വിശ്വസിക്കുകയും പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്ന അടയാളമല്ലേ കുരിശ്. അതിന്മേല്‍ കൈവെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ സര്‍ക്കാരുണ്ടെന്ന് ചിന്തിക്കണ്ടേ. സര്‍ക്കാരിനോട് ചോദിക്കാന്‍ ബാധ്യതയില്ലേ''- പിണറായി ചോദിച്ചു.

''സംഭവമറിഞ്ഞ് ജില്ലാ ഭരണനേതൃത്വത്തോട് ഞാന്‍ വിളിച്ചുചോദിച്ചു. നിങ്ങള്‍ ആരോട് ചോദിച്ചിട്ടാണ് ഇത് ചെയ്തത്. അവിടെ 144 പ്രഖ്യാപിക്കുന്നെന്നും കേട്ടു. അപ്പോഴും അവിടെ എല്ലാം പൊളിച്ചുകഴിഞ്ഞുവെന്ന് ഞാനറിഞ്ഞില്ല. 144 പിന്‍വലിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അനാവശ്യവികാരം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നില്ലേ അത്.

കുരിശിനെതിരേ യുദ്ധം ചെയ്യുകയാണ് എല്‍.ഡി.എഫ്. സര്‍ക്കാരെന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമമല്ലേ നടന്നത്. അത്തരം ഒരുനീക്കവും സര്‍ക്കാര്‍ അനുവദിക്കില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ എല്ലാ ക്രൈസ്തവസഭകളുമായും നല്ലബന്ധത്തിലാണ്. ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്നറിഞ്ഞ് അവരോട് സംസാരിച്ചിരുന്നെങ്കില്‍ അവര്‍തന്നെ അത് നീക്കാന്‍ തയ്യാറാകുമായിരുന്നല്ലോ. ഇപ്പോഴുണ്ടായ തെറ്റായ നടപടിയില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല.

ബാക്കികാര്യങ്ങള്‍ വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ ചര്‍ച്ചചെയ്യും. അതെന്താണെന്ന് ഇപ്പോള്‍ പറയുന്നില്ല. കുരിശ് പൊളിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് വരുത്തിത്തീര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല''-പിണറായി പറഞ്ഞു.

''ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ പ്രത്യേകതയുള്ളതായതിനാല്‍, കുറച്ചുനാള്‍മുന്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി യോഗം കൂടിയിരുന്നു. യോഗം സംഘര്‍ഷത്തില്‍ കലാശിക്കുമെന്നാണ് കരുതിയത്. പക്ഷേ, സൗഹാര്‍ദപരമായിരുന്നു. കൈയേറ്റത്തോട് ഒരുതരത്തിലുമുള്ള സന്ധിയുമില്ലെന്ന് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കൈയേറ്റമാണെന്നുപറഞ്ഞ് കുടിയേറ്റക്കാരെ ദ്രോഹിക്കില്ല. അവര്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കും. അതോടൊപ്പം അവര്‍ക്ക് പട്ടയം കൊടുക്കാനും തീരുമാനിച്ചു. പട്ടയത്തിന് അര്‍ഹതയുള്ള ആയിരക്കണക്കിന് പേരുണ്ട് അവിടെ. അവര്‍ക്ക് ഏപ്രിലിനുമുന്പ് പട്ടയം കൊടുക്കണം. അതിന് ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചാണ് യോഗം അവസാനിച്ചത്.

ഇടുക്കിയിലെ മറ്റ് പ്രശ്‌നങ്ങളേക്കാള്‍ സങ്കീര്‍ണമാണ് ഈ പ്രശ്‌നം. അവിടെ സര്‍ക്കാര്‍ കൊടുത്ത പട്ടയമുണ്ട്. വിജയനെന്ന് എനിക്ക് ഒരുപട്ടയം കിട്ടിയാല്‍ നിങ്ങള്‍ എനിക്ക് തന്ന പട്ടയത്തിലെ സര്‍വേനന്പര്‍ ശരിയാണോയെന്ന് ചോദിക്കുമോ. പട്ടയത്തിലെ സര്‍വേനന്പര്‍ തെറ്റിയാല്‍ അത് സര്‍ക്കാരിന്റെ ബാധ്യതയല്ലേ. എന്നുകരുതി കൈയേറ്റക്കാരെ ഒരുതരത്തിലും സര്‍ക്കാര്‍ േപ്രാത്സാഹിപ്പിക്കില്ല''- പിണറായി പറഞ്ഞു.