പയ്യന്നൂര്‍: മദ്യ ഉപഭോക്താക്കളുടെ ആകുലതകളും ആശങ്കകളും പങ്കിട്ട് കൂട്ടായ്മ. മദ്യ ഉപഭോക്തൃസംരക്ഷണ സമിതി (എം.യു.എസ്.എസ്.)യാണ് പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വേറിട്ട പരിപാടിയൊരുക്കിയത്. പരിപാടി നടക്കുന്ന സദസ്സിലേക്ക് വരാന്‍ കേള്‍വിക്കാരില്‍ മിക്കവരും മടിച്ചു. സംഘാടകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മിക്കവരും സദസ്സിലേക്ക് പ്രവേശിച്ചില്ല. പ്രാദേശികചാനലുകാര്‍ പരിപാടി പകര്‍ത്താന്‍ വന്നതും ചിലരെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിമുഖരാക്കി. പരിപാടി നടന്ന ടൗണ്‍ സ്‌ക്വയറിന്റെ മതിലിന്റെ പുറത്തുനിന്ന് പരിപാടി വീക്ഷിക്കാനാണ് മിക്കവരും താത്പര്യം കാട്ടിയത്. മദ്യപര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന ഇകഴ്ത്തലുകളും അവഗണനയുമാണ് കൂട്ടായ്മ പ്രധാനമായും ചര്‍ച്ചചെയ്തത്.

കേരളത്തിന്റെയത്ര വലുപ്പംപോലുമില്ലാത്ത ജമൈക്ക എന്ന രാജ്യത്തിനും ക്യൂബയ്ക്കുംപോലും സ്വന്തം ബ്രാന്‍ഡ് മദ്യമുള്ളപ്പോള്‍ ചക്കയും മാങ്ങയും സുലഭമായ കേരളത്തില്‍ ബ്രാന്‍ഡ് മദ്യമില്ലാത്തത് ചിന്തിക്കേണ്ട വിഷയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മധു നായര്‍ പറഞ്ഞു. പ്രമേഹം ഏറ്റവും വ്യാപകമായ സംസ്ഥാനമാണ് കേരളം. ഇക്കാരണത്താല്‍ പ്രമേഹത്തിന് കാരണമായ സ്റ്റാര്‍ച്ച് ഏറ്റവുമടങ്ങിയ അരിയാഹാരം നിരോധിക്കാനാവുമോ. അതുപോലെത്തന്നെയാണ് മദ്യത്തിന്റെ കാര്യവും. മദ്യപിച്ച് രോഗികളാകുന്നവര്‍ നൂറില്‍ കേവലം 20 ശതമാനം മാത്രമേയുള്ളൂ. ഇതുകൊണ്ട് മദ്യം നിരോധിക്കുന്നത് ആത്മഹത്യാപരമാണ്. മദ്യവര്‍ജനം സ്വാഗതാര്‍ഹമാണ്. പക്ഷേ, അതിനുള്ള പ്രതിവിധി മദ്യനിരോധനമല്ല. ശരിയായ അര്‍ഥത്തില്‍ മദ്യം സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മാളുകളിലൂടെയും വിതരണം ചെയ്യുകയാണ് വേണ്ടത്. മദ്യനിരോധനം നിലവിലുള്ള അറബ് രാഷ്ട്രമായ സൗദിയില്‍ മദ്യം സുലഭമാണ്. ഒരിക്കല്‍ മദ്യനിരോധനം നടപ്പാക്കിയ അമേരിക്കയില്‍ അത് ദയനീയപരാജയമാവുകയായിരുന്നു. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെപ്പോലെ മദ്യപരെ കാണുന്ന മനോഭാവത്തിലാണ് ആദ്യം മാറ്റമുണ്ടാവേണ്ടത് -അദ്ദേഹം പറഞ്ഞു.

വി.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശിവകുമാര്‍ കാങ്കോല്‍, കെ.എന്‍.ഷാജി, സാദിര്‍ഷാ, എം.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.