പരവൂര്‍: വെടിക്കെട്ട് ദുരന്തം നടന്ന പരവൂരിലെ പുറ്റിങ്ങലില്‍ കുടിവെള്ളം കിട്ടാതെ വലഞ്ഞവര്‍ക്ക് മാതൃഭൂമി ഒരുലോറി കുപ്പിവെള്ളം എത്തിച്ച് വിതരണം ചെയ്തു.

വെടിക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന് കരിമരുന്നും മറ്റ് രാസവസ്തുക്കളും ചിതറിയ ശരീരാവശിഷ്ടങ്ങളും വീണ് കിണറുകളെല്ലാം മലിനമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടത്തെ താമസക്കാര്‍ക്ക് കുടിനീരുമായി മാതൃഭൂമി എത്തിയത്.

ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരും മാതൃഭൂമിയോടൊപ്പം ഉണ്ടായിരുന്നു. ദുരന്തസ്ഥലത്തെ മുന്നൂറിലധികം വീടുകളില്‍ മാതൃഭൂമി കുപ്പിവെള്ളം വിതരണം ചെയ്തു. ദുരന്തമുഖത്ത് ദിവസങ്ങളായി തമ്പടിച്ചിട്ടുള്ള പോലീസുകാര്‍ക്കും കുടിക്കാന്‍ വെള്ളം നല്‍കി. മാതൃഭൂമി ജീവനക്കാര്‍, പരവൂര്‍ ഹൈജിയ ജിമ്മിലെ പ്രവര്‍ത്തകര്‍, പൊഴിക്കര ഫ്രണ്ട്‌സ് ക്ലബിലെ നിരവധി യുവാക്കള്‍ എന്നിവര്‍ക്കൊപ്പം നാട്ടുകാരും വെള്ളം വിതരണം ചെയ്യാന്‍ മാതൃഭൂമിയോടൊപ്പം ചേര്‍ന്നു.