കോട്ടയം: കഴിഞ്ഞദിവസം അന്തരിച്ച മുന്‍ ഏറ്റുമാനൂര്‍ എം.എല്‍.എ.യും ആദര്‍ശ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന പി.ബി.ആര്‍.പിള്ളയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ അന്ത്യാഞ്ജലി. അയ്മനം മര്യാത്തുരുത്ത് പുതുവായില്‍ തറവാട് വീട്ടുവളപ്പില്‍ ചൊവ്വാഴ്ച വൈകീട്ടുനടന്ന സംസ്‌കാരച്ചടങ്ങില്‍ വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.

'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി.ക്കുവേണ്ടി കോട്ടയം യൂണിറ്റ് മാനേജര്‍ ടി.സുരേഷ് മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെ.സുരേഷ് കുറുപ്പ് എം.എല്‍.എ., ജസ്റ്റിസ് കെ.ടി.തോമസ്, ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, സംസ്ഥാന സമിതി അംഗം ആര്‍.കെ.കര്‍ത്ത, സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍. കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡി.സി.സി.പ്രസിഡന്റ് ടോമി കല്ലാനി, തോമസ് ചാഴികാടന്‍, ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി എം.ടി.കുര്യന്‍, ബി.ജെ.പി. നേതാക്കളായ അഡ്വ. എം.എസ്.കരുണാകരന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കോട്ടയം എസ്.എന്‍.ഡി.പി.യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍, കോട്ടയം എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള, സെക്രട്ടറി എ.എം.രാധാകൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

പി.ബി.ആര്‍.പിള്ളയുടെ ജ്യേഷ്ഠസഹോദരന്‍ പി.കെ.കൃഷ്ണപിള്ളയുടെ മകന്‍ അഡ്വ. കെ.സന്തോഷ്‌കുമാര്‍, സഹോദരി സരസ്വതി അമ്മയുടെ മക്കളായ ഗോപകുമാര്‍, പ്രിയദര്‍ശന്‍, സതീഷ്‌കുമാര്‍ എന്നിവരാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്.