മൂന്നാര്‍: കൈയേറ്റം ഭാഗികമായി ഒഴിപ്പിച്ച് പിന്മാറിയശേഷം പൂര്‍ണമായി ഒഴിപ്പിച്ചുവെന്ന് കള്ളറിപ്പോര്‍ട്ട് നല്‍കിയ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. പുതിയ ദേവികുളം സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജില്ലാ കളക്ടറാണ് മൂന്നാര്‍ സ്‌പെഷ്യല്‍ റവന്യൂ തഹസില്‍ദാര്‍ എ.എഫ്. ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഓഗസ്റ്റ് ഒന്നിന് ഇക്കാനഗറിലെ സി.പി.എം. മഹിളാനേതാവ് ജയ സര്‍ക്കാര്‍ഭൂമി കൈയേറി വീടുപണിതതായി കണ്ടെത്തിയിരുന്നു. രണ്ടിന് കൈയേറ്റം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ തുടങ്ങിയെങ്കിലും പ്രാദേശിക സി.പി.എം. പ്രവര്‍ത്തകര്‍ എതിര്‍പ്പുമായെത്തി. തുടര്‍ന്ന് കൂടുതല്‍ പോലീസിനെ വിളിച്ച് ഭാഗികമായി വീടുപൊളിച്ചശേഷം റവന്യൂസംഘം മടങ്ങി. കൈയേറ്റം പൂര്‍ണമായി ഒഴിപ്പിച്ചുവെന്ന് തഹസില്‍ദാര്‍ സബ് കളക്ടര്‍ക്ക് വ്യാജറിപ്പോര്‍ട്ടും നല്‍കി.

റവന്യൂസംഘം കൈയേറ്റക്കാരിക്ക് അനുകൂലമായി നടപടി സ്വീകരിച്ചു എന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സബ് കളക്ടര്‍ നേരിട്ടെത്തി അന്വേഷണം നടത്തി വീഴ്ച കണ്ടെത്തുകയായിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്.

മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയതോടെ കെട്ടടങ്ങുമെന്ന് കരുതിയ കൈയേറ്റം ഒഴിപ്പിക്കല്‍ സി.പി.എം. ശക്തികേന്ദ്രമായ ഇക്കാനഗറിലേക്ക് എത്തിയത് പ്രദേശികനേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പുതിയ സബ് കളക്ടര്‍ പഴയ പാതയിലൂടെയാണ് പോകുന്നതെങ്കില്‍ എന്തുനടപടി സ്വീകരിക്കണമെന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള പ്രാദേശിക രാഷ്ട്രീയനേതാക്കള്‍ ഗൂഢ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.