തൃശ്ശൂര്‍: ലക്കിടി നെഹ്രു ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്രു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസടക്കം അഞ്ചുപേര്‍ പിടിയില്‍. നിയമോപദേശക സുചിത്ര, കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, പി.ആര്‍.ഒ. വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഒന്നാംപ്രതിയാണ് കൃഷ്ണദാസ്. ജാമ്യമില്ലാത്ത വകുപ്പുകളുള്‍പ്പെടെ ഇവര്‍ക്കുനേരേ ചുമത്തി. അഞ്ചുപ്രതികളെയും വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.

തിങ്കളാഴ്ച രാവിലെ വാണിയംകുളം പി.കെ. ദാസ് ആസ്​പത്രിയില്‍നിന്നാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ പാമ്പാടി നെഹ്രു കോളേജ് പി.ആര്‍.ഒ. സഞ്ജിത് വിശ്വനാഥന്‍, ജീവനക്കാരന്‍ ശ്രീനിവാസന്‍ എന്നിവരെ കിട്ടാനുണ്ടെന്ന് തൃശ്ശൂര്‍ റൂറല്‍ എസ്.പി. എന്‍. വിജയകുമാര്‍ പറഞ്ഞു.

പാമ്പാടി നെഹ്രു കോളേജില്‍ ജിഷ്ണു പ്രണോയ് നേരിട്ടതിന് സമാനമായ പീഡനങ്ങളാണ് ഷഹീറിനുമുണ്ടായത്. ജിഷ്ണു ഹോസ്റ്റല്‍ മുറിയില്‍ മരിച്ചതിന് മൂന്നുദിവസം മുന്പ് ജനുവരി മൂന്നിനായിരുന്നു ഈ സംഭവം. ലക്കിടി കോളേജില്‍നിന്ന് പാമ്പാടി കോളേജിലേക്ക് വിളിച്ചുവരുത്തി ബോര്‍ഡ്മീറ്റിങ് റൂമില്‍വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. കോളേജിലെ അനധികൃതപണപ്പിരിവുകളെക്കുറിച്ച് മുഖ്യമന്ത്രിയുടെ സുതാര്യകേരളം സെല്ലിലേക്ക് പരാതിയയച്ചതായിരുന്നു പ്രകോപനം.

അന്നു രാവിലെ ഒമ്പതുമണിയോടെ പതിവുപോലെ ലക്കിടിയിലെ കോളേജില്‍ ഷഹീര്‍ എത്തി. ഇവിടെനിന്ന് പി.ആര്‍.ഒ. വത്സകുമാറാണ് ഓട്ടോയില്‍ പാമ്പാടി കോളേജിലേക്കു കൊണ്ടുപോയത്. അവിടെവെച്ച് കൃഷ്ണദാസ് മര്‍ദിച്ചെന്നാണ് ഷഹീറിന്റെ മൊഴി.

പരാതി പിന്‍വലിച്ചതായി എഴുതിക്കൊടുത്തു. എന്നാല്‍ അഞ്ചുപേരെ റാഗ് ചെയ്തതായി എഴുതിക്കൊടുക്കാന്‍ പറഞ്ഞെങ്കിലും ഷഹീര്‍ വഴങ്ങിയില്ല. കൃഷ്ണദാസ് കാല്‍മുട്ടുകൊണ്ട് ജനനേന്ദ്രിയത്തിലേക്ക് ഇടിച്ചു. വീണപ്പോള്‍ ചവിട്ടി. വീട്ടില്‍ക്കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ എല്ലാം എഴുതിക്കൊടുത്തു. രാവിലെ പത്തോടെ തുടങ്ങിയ പീഡനം വൈകീട്ട് അഞ്ചരയോടെയാണ് അവസാനിച്ചതെന്നും പരാതിയില്‍ പറയുന്നു. കോളേജില്‍നിന്ന് ടി.സി. വാങ്ങി പോയശേഷമാണ് ഷഹീര്‍ ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞത്. ഫെബ്രുവരി 27-ന് പഴയന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കൃഷ്ണദാസിന്റെ അറസ്റ്റ്: പോലീസിന് 
കോടതിയുടെ നിശിതവിമര്‍ശം

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കേ കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തതില്‍ പോലീസിന് ഹൈക്കോടതിയുടെ നിശിതവിമര്‍ശം. അറസ്റ്റ് നിയമപരമല്ലെന്ന് ഹര്‍ജിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പരാതിയിലും രഹസ്യമൊഴിയിലുമില്ലാത്ത കാര്യങ്ങള്‍ പോലീസ് കൂട്ടിച്ചേര്‍ത്തതായും അദ്ദേഹം ആരോപിച്ചു.

ഇത്തരം നടപടി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായോയെന്ന് കോടതി ചോദിച്ചു. കോടതിയെ വിഡ്ഢിയാക്കാന്‍ നോക്കരുത്. കേസിന്റെ യഥാര്‍ഥവസ്തുതകളാണ് രേഖകളില്‍ വേണ്ടതെന്നും കോടതി പരാമര്‍ശിച്ചു. കേസ് ഡയറിയടക്കമുള്ള രേഖകള്‍ ഹാജരാക്കണമെന്നു നിര്‍ദേശിച്ച് ഹര്‍ജി ചൊവ്വാഴ്ചത്തേക്കു മാറ്റി.