ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടിസ്ത്രീ ശോഭയുടെ മക്കള്‍ക്ക് സുരക്ഷയും കരുതലും നല്‍കി ശിശുക്ഷേമസമിതി. അമ്മയും അച്ഛനും നഷ്ടമായതിനാല്‍ ഇപ്പോള്‍ കുട്ടികള്‍ക്കൊപ്പമെത്തിയ ബന്ധുക്കളെ സമിതി നല്ലമനസ്സോടെ കണ്ടു. പക്ഷേ, ബന്ധുത്വം തെളിയിക്കാതെ കൂടെവിടാനാവില്ലെന്ന് നിര്‍ദേശിച്ചു. അതുവരെ പട്ടുവത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കാനാണ് സമിതിയുടെ നിര്‍ദേശം. ശോഭയുടെ ഭര്‍ത്താവ് രാജു നേരത്തേ കര്‍ണാടകയിലെ തുമകുരുവില്‍ കൊല്ലപ്പെട്ടതായി പോലീസ് കണ്ടെത്തിയിരുന്നു.

ശോഭ കൊല്ലപ്പെട്ടതിനുശേഷം മക്കളായ ആര്യന്‍ (6), അമൃത (4) എന്നിവരെ കാണാതായിരുന്നു. ശോഭയെ കൊലപ്പെടുത്തിയ ടി.കെ.മഞ്ജുനാഥ് ഇരുവരെയും മുംബൈയിലേക്കുള്ള തീവണ്ടി കയറ്റിവിടുകയായിരുന്നു. പതിനെട്ട് ദിവസംകഴിഞ്ഞപ്പോള്‍ കുട്ടികള്‍ മുംബൈയിലെ ചില്‍ഡ്രന്‍സ് ഹോമിലുണ്ടെന്ന് കണ്ടെത്തി. ഇരിട്ടി എസ്.ഐ. എസ്.അന്‍ഷാദും രാജുവിന്റെ സഹോദരി കാവ്യയും ഭര്‍ത്താവ് എം.എച്ച്.മഞ്ജുനാഥും കുട്ടികളെ കഴിഞ്ഞദിവസം ഇരിട്ടിയിലെത്തിച്ചു. തുടര്‍ന്നാണ് തിങ്കാളാഴ്ച ഉച്ചയോടെ കണ്ണൂര്‍ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കിയത്.

കുട്ടികളെ വിട്ടുതരണമെന്ന് രാജുവിന്റെ സഹോദരി കാവ്യ സമതിമുമ്പാകെ അറിയിച്ചു. എന്നാല്‍, ഇവര്‍ ബന്ധുത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ല. ഇതേത്തുടര്‍ന്നാണ് തത്കാലത്തേക്ക് പട്ടുവത്ത് താമസിപ്പിക്കുന്നത്. ബന്ധുത്വം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാല്‍ കുട്ടികളെ ഇവര്‍ക്ക് വിട്ടുനല്‍കും. കാവ്യയെ കുട്ടികള്‍ക്കൊപ്പം താമസിക്കാന്‍ അനുവദിച്ചിട്ടുണ്ട്. രാജു മരിച്ചതായി സ്ഥിരീകരിച്ചതിനാല്‍ അദ്ദേഹത്തിന്റെ മരണാന്തരചടങ്ങുകള്‍ക്കായി കുട്ടികളെ തുമകുരുവിലേക്ക് കൊണ്ടുപോകണമെന്ന് ബന്ധുക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവതസാഹചര്യവും ഉറപ്പാക്കാനുള്ള നിര്‍ദേശമാണ് പോലീസിനുണ്ടായിരുന്നത്. മരണാനന്തരചടങ്ങുകള്‍ക്കുശേഷം കുട്ടികളുടെ പുനരധിവാസം ശിശുക്ഷേമസമിതിയുടെ മേല്‍നോട്ടത്തില്‍ പൊതുജനസഹകരണത്തോടെ കേരളത്തില്‍ത്തന്നെ നടത്താമെന്ന് ബന്ധുക്കള്‍ സമ്മതിച്ചിരുന്നു. എന്നാല്‍, ബന്ധുത്വം തെളിയിക്കണമെന്ന സമിതിനിര്‍ദേശം വന്നതോടെ കാവ്യ കുട്ടികള്‍ക്കൊപ്പംനിന്നു. മറ്റുള്ളവര്‍ രേഖകളെത്തിക്കാനായി നാട്ടിലേക്ക് മടങ്ങി. കാവ്യയും ഭര്‍ത്താവ് എം.എച്ച്.മഞ്ജുനാഥും മലപ്പുറം പാണ്ടിക്കാട്ടാണ് താമസിക്കുന്നത്.

ജനുവരി 21-ന് ഇരിട്ടി പഴയ പാലത്തിന് സമീപം പൊട്ടക്കിണറ്റിലാണ് ശോഭയുടെ മൃതദേഹം കണ്ടെത്തിയത്. നാടോടിയുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിയിച്ചതും കുട്ടികളെ കണ്ടെത്താനായതും കേരള പോലീസിന്റെ ചരിത്രത്തിലെ നിര്‍ണായക സംഭവമാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു. അന്വേഷണച്ചുമതല ഏറ്റെടുത്ത സി.ഐ. എന്‍.സുനില്‍കുമാറിന്റെയും എസ്.ഐ. എസ്.അന്‍ഷാദിന്റെയും ആത്മാര്‍ഥ പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്നും ഡിവൈ.എസ്.പി. പറഞ്ഞു.