തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ (എ.എ.ജി.) രഞ്ജിത് തമ്പാന്‍ ഹരിത ട്രിബ്യൂണലില്‍ സ്വീകരിച്ച നിലപാടിനെതിരേ സര്‍വകക്ഷിസംഘം.

ദേവികുളം മുന്‍ സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തയ്യാറാക്കിയ പട്ടിക ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ചത് ശരിയല്ലെന്ന് ആരോപിച്ച് സര്‍വകക്ഷിസംഘം മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും പരാതി നല്‍കി. അഡീഷണല്‍ എ.ജി.യുടേത് സര്‍ക്കാര്‍ നിലപാടാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അഡീഷണല്‍ എ.ജി.യുടെ നിലപാടുകാരണം മൂന്നാര്‍ മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി സ്തംഭിക്കുമെന്ന് സര്‍വകക്ഷിസംഘത്തിന്റെ പരാതിയില്‍ പറയുന്നു. നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തടസ്സപ്പെടും. മുഴുവന്‍ ജനങ്ങളെയും കൈയേറ്റക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് ഹരിത ട്രിബ്യൂണലിനെ അറിയിക്കണം.

മൂന്നാറില്‍ കൈയേറ്റമുണ്ടെങ്കില്‍ ഇത്തരക്കാര്‍ക്കെതിരേ സ്വീകരിക്കുന്ന നടപടികള്‍ മാത്രമാകണം അറിയിക്കേണ്ടത്. വര്‍ഷങ്ങളായി താമസിക്കുന്നവരെ ബാധിക്കുന്ന നിലപാട് ട്രിബ്യൂണലില്‍ അറിയിച്ച അഡീഷണല്‍ എ.ജി.യോട് വിശദീകരണം തേടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

മന്ത്രി എം.എം. മണി, എസ്. രാജേന്ദ്രന്‍ എം.എല്‍.എ., സി.പി.ഐ. മൂന്നാര്‍ മണ്ഡലംസെക്രട്ടറി പളനിവേല്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ. മണി, സി.പി.എം. നേതാവ് കെ.കെ. വിജയന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെയും റവന്യൂമന്ത്രിയെയും കണ്ടത്.