തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെച്ചൊല്ലി മന്ത്രിസഭയിലും ഇടതുമുന്നണിയിലും യുദ്ധം. കുരിശുതകര്‍ത്ത് കൈയേറ്റം ഒഴിപ്പിച്ചതില്‍ അതൃപ്തി പരസ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ വകുപ്പിനെതിരേ രംഗത്തുവന്നു. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ജാഗ്രതക്കുറവുണ്ടായെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരം തെറ്റായ നടപടികളോട് വിട്ടുവീഴ്ചയില്ലെന്ന് മുന്നറിയിപ്പും നല്‍കി. കുരിശുതകര്‍ത്ത് കൈയേറ്റം ഒഴിപ്പിച്ചതിലൂടെ കുരിശിനെതിരെ യുദ്ധം ചെയ്യാനാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിനുപിന്നാലെ മുഖ്യമന്ത്രിയെ തള്ളി സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു രംഗത്തുവന്നു. ജില്ലാഭരണകൂടത്തിനല്ല മുഖ്യമന്ത്രിക്കാണ് ജാഗ്രതക്കുറവുണ്ടായതെന്നും കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പിണറായി പ്രതികരിച്ചതെന്നും പ്രകാശ് ബാബു തിരിച്ചടിച്ചു.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ മന്ത്രി എം.എം. മണിയും സി.പി.എം. ഇടുക്കി ജില്ലാഘടകവും നിലയുറപ്പിക്കുകയും ഒഴിപ്പിക്കലിന് പ്രത്യക്ഷപിന്തുണ നല്‍കുന്ന നിലപാട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സി.പി.ഐ.യും സ്വീകരിക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിലാണ് റവന്യൂവകുപ്പിനെ പേരെടുത്തുപറയാതെ, ജില്ലാഭരണകൂടത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത്. വ്യാഴാഴ്ച രാവിലെ ഇടുക്കി കളക്ടറെ ഫോണില്‍വിളിച്ച് കുരിശുതകര്‍ത്ത് കൈയേറ്റം ഒഴിപ്പിച്ചതിലുള്ള അതൃപ്തി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇടതുമുന്നണിയെ കലുഷമാക്കിയ ഭിന്നത തീര്‍ക്കാന്‍ വെള്ളിയാഴ്ച സി.പി.എം.-സി.പി.ഐ. ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് മൂന്നാര്‍ കൈയേറ്റം വീണ്ടും ഇരുകക്ഷികള്‍ക്കുമിടയില്‍ അലോസരത്തിന് കാരണമാകുന്നത്. വെള്ളിയാഴ്ചചേരുന്ന ഇടതുമുന്നണി യോഗത്തിലും മുഖ്യമന്ത്രിയുടെ നിലപാട് ചര്‍ച്ചാവിഷയമാകുമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും റവന്യൂമന്ത്രിയുടെ ഓഫീസ് കൈയേറ്റം ഒഴിപ്പിക്കലില്‍ ജാഗ്രതക്കുറവുണ്ടായെന്ന വാദത്തെ തള്ളിക്കളയുകയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വാദം ശരിയല്ല. 45 അംഗ പോലീസ്സംഘത്തിന്റെ സംരക്ഷണത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നടത്തിയത്. അതിരാവിലെത്തന്നെ ഒഴിപ്പിക്കല്‍ നടത്താനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഇതെല്ലാം ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജന്റ്‌സിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി അറിയാതിരിക്കില്ലെന്നും റവന്യൂമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, പട്ടയവിതരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വെള്ളിയാഴ്ച യോഗം വിളിച്ചിട്ടുണ്ട്.