മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ 'സ്​പിരിറ്റ് ഇന്‍ ജീസസ്' എന്ന സംഘടന കൈവശപ്പെടുത്തിയ ഭൂമി ഒഴിപ്പിക്കാന്‍ റവന്യൂസംഘം എത്തുന്നത് രണ്ടാം തവണ. കഴിഞ്ഞ മാര്‍ച്ച് 17-ന് ഒഴിപ്പിക്കാനായി എത്തിയപ്പോള്‍ വാഹനം കുറുകെയിട്ട് വഴിതടയുകയായിരുന്നു. പ്രാദേശിക രാഷ്ട്രീയക്കാരുള്‍പ്പെട്ട സംഘം എതിര്‍പ്പുമായി എത്തുകയും ചെയ്തു.

ആറുമാസംമുമ്പാണ് ഇവിടെ കുരിശ് സ്ഥാപിച്ചത്. അഞ്ഞൂറിലധികം പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍, മണ്‍കുടില്‍, മൂന്ന് ഷെഡുകള്‍ എന്നിവയും നിര്‍മിച്ചുവരികയായിരുന്നു. ഇവിടം ഗ്രൂപ്പിന്റെ ആസ്ഥാനമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവന്നത്. ഇതിനിടെ സംഘടന 200 ഏക്കറോളം ഭൂമി കൈയേറിയതായി ആരോപണമുയര്‍ന്നു.

ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ആരോപണം ശരിയെന്നു കണ്ടെത്തി. അദ്ദേഹം ദേവികുളം സബ്കളക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. തുടര്‍ന്നാണ് മാര്‍ച്ച് 17-ന് ഉദ്യോഗസ്ഥര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍വന്നത്.

അന്ന് ഒട്ടേറെ ആളുകള്‍ പ്രദേശത്ത് കൂടി. വഴിയില്‍ വാഹനം വിലങ്ങനെയിട്ട് ഉദ്യോഗസ്ഥരെ തടഞ്ഞു. എങ്കിലും ഉദ്യോഗസ്ഥര്‍ കുരിശിന്റെ സമീപമെത്തി പരിശോധന നടത്തി. ആവശ്യത്തിന് സന്നാഹം പോെരന്നു തോന്നിയതിനാല്‍ അന്ന് തിരിച്ചുപോയി. ഉദ്യോഗസ്ഥരെ തടഞ്ഞത് സംബന്ധിച്ച് പോലീസിനും ജില്ലാ കളക്ടര്‍ക്കും റവന്യൂവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് വീണ്ടും കൈയേറ്റം ഒഴിപ്പിക്കാന്‍ തീരുമാനമായത്.

ഒഴിപ്പിക്കല്‍ തടയാന്‍ ഒരാഴ്ചയായി ഇരുന്നൂറോളം പേരാണ് രാത്രിയും പകലും ഇവിടെ കാവല്‍കിടന്നിരുന്നത്. കൈയേറ്റമൊഴിപ്പിച്ചാല്‍ സംഘര്‍ഷമുണ്ടാകുമെന്ന സംശയത്താല്‍ റവന്യൂ വകുപ്പ് നടപടികള്‍ നീട്ടുകയായിരുന്നു. ജില്ലയില്‍നിന്നുള്ള മന്ത്രിയടക്കമുള്ള മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ കുരിശ് എടുത്തുമാറ്റേണ്ടെന്ന നിലപാട് സ്വീകരിച്ചു. ഇതോടെയാണ് കാവല്‍കിടന്നവര്‍ കഴിഞ്ഞദിവസം മടങ്ങിയത്. ഈ തക്കത്തിനാണ് രണ്ടാമതും റവന്യൂസംഘം വിജയകരമായി ഒഴിപ്പിക്കല്‍ നടത്തിയത്.