മൂന്നാര്‍/തൊടുപുഴ: മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ റവന്യൂവകുപ്പ് ഒഴിപ്പിച്ചുതുടങ്ങി. സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'സ്​പിരിറ്റ് ഇന്‍ ജീസസ്' കൈയേറിയ 200 ഏക്കര്‍ സ്ഥലം വന്‍ പോലീസ് സന്നാഹത്തോടെ ഒഴിപ്പിച്ചു.

ഇവിടെ സ്ഥാപിച്ച 17 അടി ഉയരവും ഒരു ടണ്ണിലധികം ഭാരവുമുള്ള ഇരുമ്പുകുരിശും സമീപത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാന്തിയെടുത്തു. ഷെഡുകള്‍ പൊളിച്ച് തീയിട്ടു. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശപ്രകാരമായിരുന്നു ഒഴിപ്പിക്കല്‍.

കുരിശ് നീക്കംചെയ്ത സബ് കളക്ടറുടെ നടപടിക്കെതിരേ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ രംഗത്തെത്തി. വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് നീക്കംചെയ്തതുവഴി ഒരുവിഭാഗം ആളുകളെ സര്‍ക്കാരിനെതിരേതിരിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് സബ് കളക്ടര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചിന്നക്കനാല്‍ വില്ലേജില്‍പ്പെട്ട പാപ്പാത്തിച്ചോലയിലെ സര്‍വേ നമ്പര്‍ 34/I-ല്‍പ്പെട്ട 200 ഏക്കര്‍ റവന്യൂ ഭൂമിയാണ് പ്രാര്‍ഥനാ ഗ്രൂപ്പ് കൈയേറി കുരിശുസ്ഥാപിച്ചത്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. തടസ്സങ്ങളുണ്ടാക്കുമെന്ന് ഭയന്ന് ഒഴിപ്പിക്കല്‍ അതീവരഹസ്യമായാണ് ആസൂത്രണം ചെയ്തത്. എന്നിട്ടും റവന്യൂസംഘത്തെ തടയാന്‍ ശ്രമമുണ്ടായി.

വ്യാഴാഴ്ച വെളുപ്പിന് നാലരയ്ക്കാണ് റവന്യൂ, പോലീസ് സംഘം ദേവികുളം ആര്‍.ഡി.ഒ. ഓഫീസില്‍നിന്നു പുറപ്പെട്ടത്. വഴിയില്‍ വാഹനങ്ങള്‍ കുറുകെയിട്ട് സംഘത്തെ തടയാന്‍ ശ്രമമുണ്ടായി. റോഡും തകര്‍ത്തു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇവ നീക്കംചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കിയാണ് സംഘം യാത്രതുടര്‍ന്നത്.

ഇരുന്നൂറോളം പേരുള്ള സംഘം ദുര്‍ഘടപാതയിലൂടെ മൂന്നുമണിക്കൂര്‍ യാത്രചെയ്താണ് സ്ഥലത്തെത്തിയത്. സംഘമെത്തുമ്പോള്‍ ഷെഡുകളില്‍ താമസിച്ചിരുന്ന മൂന്നുപേര്‍ എതിര്‍പ്പുമായിവന്നെങ്കിലും അറസ്റ്റുചെയ്യുമെന്ന് പോലീസ് അറിയിച്ചതോടെ പിന്‍വാങ്ങി. രണ്ടുമീറ്റര്‍ ആഴത്തില്‍ അടിത്തറകെട്ടിയുണ്ടാക്കിയ പീഠം രണ്ടു മണിക്കൂറിലേറെയെടുത്ത് തുരന്നാണ് നീക്കംചെയ്തത്. കുരിശ് മാന്തിയെടുക്കുന്നതിനുമുമ്പ് കയര്‍കെട്ടി അപകടസാധ്യത ഒഴിവാക്കി. യന്ത്രസഹായത്തോടെ ഇത് മുറിച്ചുമാറ്റി. കുരിശു സ്ഥാപിച്ച കോണ്‍ക്രീറ്റ് പീഠം മാന്തിയെടുത്തു. സമീപത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടവും നാലു ഷെഡുകളും പൊളിച്ചുനീക്കി.

രാവിലെ 7.30-ന് തുടങ്ങിയ ഒഴിപ്പിക്കല്‍ പതിനൊന്നരയോടെ അവസാനിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന ആയിരത്തോളം സിമന്റുകട്ടകളും വന്‍തോതില്‍ മെറ്റലും എംസാന്‍ഡും നീക്കംചെയ്താണ് സംഘം മടങ്ങിയത്. കുരിശിന്റെ കഷണങ്ങള്‍ തൊണ്ടിമുതലായി കസ്റ്റഡിയില്‍ സൂക്ഷിക്കും.

ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജി, ഉടമ്പഞ്ചോല അഡീഷണല്‍ തഹസില്‍ദാര്‍ എം.കെ. ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പി. ബാബു, ആര്‍.ഡി.ഒ. ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പി.ആര്‍. രാജീവ്, ഭൂസംരക്ഷണ സേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍. മൂന്നാര്‍, ദേവികുളം, വെള്ളത്തൂവല്‍, ശാന്തമ്പാറ സ്റ്റേഷനുകളില്‍നിന്നും ഇടുക്കി എ.ആര്‍. ക്യാമ്പില്‍നിന്നുമായി നൂറിലധികം പോലീസുകാര്‍ സംഘത്തിലുണ്ടായിരുന്നു.
 


സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ ഒഴിപ്പിക്കല്‍ തുടരും -സബ് കളക്ടര്‍


തൊടുപുഴ: വ്യക്തമായ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കില്‍ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ തുടരുമെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. വ്യാഴാഴ്ച നടന്ന പാപ്പാത്തിച്ചോല ഒഴിപ്പിക്കല്‍ ജില്ലാ കളക്ടറുടെയും പോലീസ് മേധാവിയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.