മംഗളൂരു: മംഗളൂരുവിലെ മതസൗഹാര്‍ദറാലിക്കെതിരെ രംഗത്തുവന്ന സംഘപരിവാര്‍ സംഘടനകള്‍ പിണറായി വിജയനും സി.പി.എമ്മിനും അപ്രതീക്ഷിത നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്. സാധാരണഗതിയില്‍ മാധ്യമശ്രദ്ധയില്‍ വരാത്ത റാലി ദേശീയ ശ്രദ്ധയിലേക്ക് വന്നുവെന്ന് മാത്രമല്ല സംഘപരിവാര്‍ സംഘടനകള്‍ക്ക് വലിയ നാണക്കേട് ഉണ്ടാക്കിവെക്കുകയും ചെയ്തു.
 
റാലി തടയുമെന്നും പിണറായിയെ മംഗളൂരുവില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നുമുള്ള പ്രഖ്യാപനം ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും ആളുകള്‍ പരിപാടിക്ക് വന്നതെന്ന് മംഗളൂരുവിലെ സി.പി.എം.കേന്ദ്രങ്ങള്‍ പറുയുന്നു. 'ഹര്‍ത്താല്‍ കൂടി പ്രഖ്യാപിച്ചതോടെ ആളെ എത്തിക്കാനായി ഞങ്ങള്‍ ആഞ്ഞുശ്രമിച്ചു. എന്നിട്ടും പരമാവധി രണ്ടായിരം പേരെയാണ് പ്രതീക്ഷിച്ചത്. പക്ഷേ, അതിന്റെ ഇരട്ടിയോളം ആളുവന്നു'- സി.പി.എം.നേതാവ് ചൂണ്ടിക്കാട്ടി.
 
ജ്യോതി സര്‍ക്കിളില്‍ നിന്ന് നെഹ്രു സ്റ്റേഡിയത്തിലേക്ക് നടത്തിയ റാലി കാണാന്‍ ഹര്‍ത്താലായിട്ടും റോഡിനിരുവശവും ആളുകള്‍ തിങ്ങിക്കൂടി. റോഡ് നിറഞ്ഞുനടത്തിയ റാലി മൈതാനത്ത് എത്തുമ്പോഴേക്കും നേരത്തെ തയ്യാറാക്കിയ പന്തല്‍ നിറഞ്ഞുകവിഞ്ഞിരുന്നു. പന്തലിന് പുറത്ത് കസേരയിട്ടാണ് റാലി കഴിഞ്ഞ് വന്നവര്‍ക്ക് ഇരുപ്പിടമൊരുക്കിയത്.
 
ആര്‍.എസ്.എസ്. എന്ന ഒറ്റ അജന്‍ഡയിലാണ് ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗം പിണറായി നടത്തിയത്. അതീവ ഗൗരവത്തോടെ തന്നെ ആളുകള്‍ ശ്രദ്ധിക്കുകയും ചെയ്തു. കുറിക്കുകൊള്ളുന്ന വാക്കുകളോടെയാണ് പിണറായി പ്രസംഗം അവസാനിപ്പിച്ചതും.

കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി.വി.ശ്രീരാം റെഡ്ഡി മാസങ്ങള്‍ക്കുമുമ്പെ പിണറായിയോട് തീയതി ചോദിക്കുകയും പരിപാടി നിശ്ചയിക്കുകയും ചെയ്തതാണ്. പ്രചാരണം ഊര്‍ജിതമായ അടുത്ത ദിവസം മാത്രമാണ് തീയതി പുറത്തെത്തിയത്. ഇതോടെ സംഘപരിവാര്‍ രംഗത്തെത്തുകയായിരുന്നു. മധ്യപ്രദേശില്‍ പിണറായിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ തിരിച്ചുപോരേണ്ടിവന്നതാണ് അവര്‍ക്ക് ആവേശമായി വര്‍ത്തിച്ചത്.
 
മധ്യപ്രദേശില്‍ പക്ഷേ, ബി.ജെ.പി. സര്‍ക്കാരായിരുന്നു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരും. അവരുടെ മുഖ്യശത്രുവാകട്ടെ ബി.ജി.പി.യാണ്. അവരെ അടിക്കാന്‍ കിട്ടുന്ന ഏതുവടിയും ആ സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന് വ്യക്തം. മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടാണ് ശക്തമായ പോലീസ് സന്നാഹത്തിന് നിര്‍ദേശം നല്‍കിയത്. മന്ത്രി യു.ടി.ഖാദറിനെ മേല്‍നോട്ടങ്ങള്‍ക്കായി നിയോഗിക്കുകയും ചെയ്തു.
 
പരിപാടിയുടെ തലേന്നുപോലും സംഘപരിവാര്‍ നേതാക്കള്‍ റാലി നടത്തുകയും പ്രകോപനപരമായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഉള്ളാളില്‍ സി.പിഎം. ഓഫീസിന് ആരോ തീയിടുകയും ചെയ്തതോടെ പിണറായിയുടെ വരവ് സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന പ്രതീതി പരന്നു. പക്ഷേ, കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെയാണെങ്കിലും പരിപാടി സമാധാനപരമായി, വിജയകരമായി നടത്താന്‍ കഴിഞ്ഞത് ദക്ഷിണ കാനറയില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന സി.പിഎമ്മിന് സഹായമായി.