തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ്, കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് എന്നീ പരീക്ഷകള്‍ക്ക് ഭരണഭാഷയായ മലയാളത്തില്‍നിന്ന് 10 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. പി.എസ്.സി. യോഗം ഇതിന് അംഗീകാരം നല്‍കി.

അടുത്തവിജ്ഞാപനം മുതലുള്ള പരീക്ഷകളില്‍ ഇത് നടപ്പാക്കും. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നഡ ഭാഷകളില്‍നിന്ന് പത്തുമാര്‍ക്കിന് ചോദ്യമുണ്ടാകും.

ഇവര്‍ ജോലിക്കുകയറി പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മലയാളം വകുപ്പുതലപരീക്ഷ ജയിക്കണം. വരുന്ന ചിങ്ങം ഒന്നുമുതല്‍ ഈ പരിഷ്‌കാരം നടപ്പാക്കുമെന്ന് പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ പ്രഖ്യാപിച്ചിരുന്നു. ഒന്നാംഘട്ടമായാണ് രണ്ടുപരീക്ഷകളില്‍ ഇത് നടപ്പാക്കുന്നത്.

സ്‌കൂള്‍ അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് വിശദമായി പരിശോധിക്കാനും യോഗം തീരുമാനിച്ചു. വകുപ്പുതല പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിനുള്ള സോഫ്‌റ്റ്വേര്‍ വികസിപ്പിക്കാന്‍ സി-ഡിറ്റിനെ ചുമതലപ്പെടുത്തും.

ഓണ്‍ലൈന്‍ പരീക്ഷ വ്യാപിപ്പിക്കുന്നത് പരിശോധിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനെ നിയോഗിക്കും. കേരള ഭൂവികസന കോര്‍പ്പറേഷനില്‍ ഓവര്‍സിയര്‍ ഗ്രേഡ്-2/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-2, ഫോം മാറ്റിക്‌സില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അഭിമുഖം ഒഴിവാക്കി റാങ്ക്പട്ടിക തയ്യാറാക്കാനും തീരുമാനിച്ചു.

പദ്ധതിവിഹിതമായി 190 കോടി രൂപ സര്‍ക്കാര്‍ പി.എസ്.സി.ക്ക് അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 30 കോടി കൂടുതലാണിത്. ഈ വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ ബാക്കിയുള്ള 85 ലക്ഷം രൂപ വെബ്‌സൈറ്റ് നവീകരണത്തിനും ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനും മാറ്റിവെയ്ക്കാന്‍ യോഗം തീരുമാനിച്ചു.