കോട്ടയം: കൊല്ലവര്‍ഷം 1192 കുംഭമാസത്തിലാണ് പേരേടകന്‍വഴി സഹയോഗിക്ക് സമര്‍പ്പിക്കാനുള്ള ഫയല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ തയ്യാറായത്. അതിലെ പച്ചമലയാളംകണ്ട് അധികാരികള്‍ വാപൊളിച്ചു. 'വൈസ് ചാന്‍സലര്‍' 'സഹയോഗി'യായി. 'രജിസ്ട്രാര്‍' 'പേരേടകനും'. ഭരണഭാഷ മലയാളം ആക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്.

ഒരു ജീവനക്കാരി തയ്യാറാക്കിയ ഫയല്‍ നിറയെ ഇംഗ്ലീഷ് വാക്കുകളായിരുന്നു. ഫയല്‍ ലഭിച്ച മേലുദ്യോഗസ്ഥന്‍ ഉപദേശിച്ചു. മലയാളം വാക്കുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുകൊടുത്തു.

പിഴ ബോധ്യപ്പെട്ട ജീവനക്കാരി എല്ലാ വാക്കും മലയാളത്തിലാക്കി ഫയല്‍ വീണ്ടും സമര്‍പ്പിച്ചു. 2017-നു പകരം കൊല്ലവര്‍ഷമായ 1192 ഉപയോഗിച്ചു. അവര്‍ ഗവേഷണം നടത്തി ഫയലിലെഴുതിയ വാക്കുകളായിരുന്നു സഹയോഗിയും പേരേടകനും. രജിസ്റ്ററിന് പേരേട് എന്ന് പറയുന്നതില്‍നിന്നാണ് പേരേടകനെ കണ്ടെത്തിയത്. അസിസ്റ്റന്റ്-കര്‍മചാരി. സെക്ഷന്‍ ഓഫീസര്‍-വിഭാഗ് പ്രമുഖ്. സിന്‍ഡിക്കേറ്റ്-ഉപശാല എന്നിങ്ങനെയായിരുന്നു മൊഴിമാറ്റം. സര്‍വകലാശാല സ്ഥിതിചെയ്യുന്ന പ്രിയദര്‍ശിനി ഹില്‍സ് പ്രിയദര്‍ശിനിക്കുന്നുകളായി.

ഭരണഭാഷ മലയാളത്തിലാക്കാനുള്ള ശ്രമങ്ങള്‍ സര്‍വകലാശാലയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തുടങ്ങിയതാണ്. ഇതിനായി പ്രത്യേകം ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു. അവര്‍ ഇന്നത്തെ മലയാളം വാക്ക് എന്താണെന്ന് ഓരോ ദിവസവും പരിചയപ്പെടുത്തിവന്നു.

ഡോ. രാജന്‍ ഗുരുക്കള്‍ വൈസ് ചാന്‍സലറായിരുന്നപ്പോള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്ന പ്രബന്ധങ്ങളെല്ലാം മലയാളത്തിലാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പ്രബന്ധങ്ങള്‍ മൂല്യനിര്‍ണയത്തിനായി കേരളത്തിന് പുറത്തേക്കും അയക്കണമെന്നുണ്ട്. സാങ്കേതികപദങ്ങള്‍ മലയാളത്തിലാക്കുന്നതിലെ വിഷമങ്ങള്‍ അന്ന് വ്യക്തമായി. ഇക്കാരണങ്ങളാല്‍ തീരുമാനം മരവിപ്പിച്ചു. എന്നാല്‍, മലയാള ഭാഷാസാഹിത്യ പ്രബന്ധങ്ങള്‍ മലയാളത്തില്‍ത്തന്നെ സമര്‍പ്പിക്കണമെന്ന് നിശ്ചയിച്ചു.

പിന്നീടും പല യോഗങ്ങള്‍ ചേര്‍ന്നു. എല്ലാം മലയാളത്തിലാക്കുന്നതിലെ പ്രയാസങ്ങള്‍ പലരും ഉന്നയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണമായി മലയാളത്തിലാക്കിയാല്‍ ഇംഗ്ലീഷിലുള്ള പദാനുപദ പ്രയോഗങ്ങള്‍ ഒപ്പം നല്‍കണമെന്നും നിര്‍ദേശമുയര്‍ന്നു. വിദേശത്ത് ഉപരിപഠനത്തിനും ജോലിക്കും പോകുന്നവര്‍ കൂടുതലുള്ള സര്‍വകലാശാലയില്‍ എല്ലാം മലയാളത്തിലാക്കല്‍ വളരെ ആലോചിച്ചേ ആകാവൂയെന്നും അഭിപ്രായംവന്നു. എന്നാല്‍, എതിരഭിപ്രായം പറഞ്ഞവരെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുപ്പിച്ചില്ല.

ഭരണഭാഷ മലയാളം ആക്കുന്നതിനുള്ള പുസ്തകം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അതിലെ വാക്കുകളാണ് സര്‍വകലാശാലയിലെ ഫയലുകളില്‍ ഉപയോഗിക്കുന്നതെന്നും രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി 'മാതൃഭൂമി'യോട് പറഞ്ഞു. എല്ലാ വാക്കും മലയാളത്തിലാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവതന്നെ തുടരുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.