soorajപള്ളിക്കല്‍ (മലപ്പുറം): നീണ്ട 13 വര്‍ഷക്കാലത്തെ ചികിത്സകളും കാത്തിരിപ്പും വൃഥാവിലായി. പാമ്പുകടിയേറ്റ് പഞ്ചേന്ദ്രിയങ്ങളും തകരാറിലായ സൂരജ് എന്ന 15-കാരന്‍ വ്യാഴാഴ്ച രാവിലെ വിടപറഞ്ഞു. മലപ്പുറം ജില്ലയിലെ സിയാംകണ്ടം തളിയില്‍ പുത്തലത്ത് സുബ്രഹ്മണ്യന്റെയും പള്ളിക്കല്‍ കാഞ്ഞിരശ്ശേരി പോക്കാട്ട് രാധയുടെയും മൂന്നാമത്തെ മകനാണ് സൂരജ്.

സൂരജിന് രണ്ട് വയസ്സുള്ളപ്പോഴാണ് വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍ മൂര്‍ഖന്‍ ഇടതുകാലില്‍ കടിച്ചത്. ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കുട്ടി വാവിട്ടു കരയുന്നത് കാലില്‍ ഈര്‍ക്കില്‍ തട്ടിയാണെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ മുറിപ്പാടില്‍ കരുവാളിപ്പ് കണ്ടതിനെത്തുടര്‍ന്ന് അടുത്തുള്ള വിഷവൈദ്യനെക്കാണിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എത്തിച്ചു. അപ്പോഴേക്കും കുട്ടി അബോധാവസ്ഥയിലായിരുന്നു. ഏതു തരത്തില്‍പ്പെട്ട പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് മനസ്സിലാവാത്തതിനാല്‍ പല ആന്റിവെനവും കുട്ടിയില്‍ പരീക്ഷിക്കേണ്ടിവന്നു. 18 ദിവസത്തെ തീവ്രപരിചരണംകൊണ്ടും ബോധം തിരിച്ചുകിട്ടിയില്ല.

രണ്ടുമാസത്തിന് ശേഷം കുട്ടിയെ വീട്ടില്‍വെച്ചുള്ള പരിചരണങ്ങള്‍ക്ക് വിട്ടു. എല്ലാത്തരം ചികിത്സയും പരീക്ഷിച്ചു. ബാല്യവും കൗമാരവുമെല്ലാം കടന്നുപോയത് സൂരജ് പോലുമറിഞ്ഞില്ല. ചലനരഹിതനായി അബോധാവസ്ഥയില്‍ ഒരേ കിടപ്പായിരുന്നു. സംസാരശേഷിയോ കാഴ്ചശക്തിയോ ഇല്ല. കൃഷ്ണമണികള്‍ പോലും ഇളകിയില്ല. വേദന അറിഞ്ഞില്ല. സന്ധികള്‍ മടക്കാനാവുമായിരുന്നില്ല. കണ്ണീര് വരികയോ ശരീരം വിയര്‍ക്കുകയോ ഉണ്ടായില്ല. മലമൂത്ര വിസര്‍ജനമൊക്കെയും കിടന്ന കിടപ്പില്‍ തന്നെ. ദ്രവ രൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെയാണ് നല്‍കിവന്നത്.

ചികിത്സയ്ക്കായി ചെലവാക്കിയ പണത്തിന് കൈയും കണക്കുമില്ല. അവസാന ഘട്ടംവരെ പ്രതീക്ഷകളോടെ കുട്ടിയെ മുറപോലെ ചികിത്സിച്ചും പരിചരിച്ചും വരുന്ന കുടുംബത്തെ നിരാശയിലാഴ്ത്തിയാണ് സൂരജ് പോയത്. സന്ദീപ്, സുകന്യ എന്നിവര്‍ സഹോദരങ്ങളാണ്.