മലപ്പുറം: സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് മാറുമെന്ന കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം കേള്‍ക്കുംവരെ അദ്ദേഹത്തിനു പിണറായിയോട് ഇത്ര ദേഷ്യമുണ്ടെന്നു കരുതിയില്ലന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തുനടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുഭരണത്തില്‍ അരിക്ക് 50 രൂപയായി. സാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. സ്ത്രീ സുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തില്‍ വന്നവരാണ് എല്‍.ഡി.എഫ്. ഇന്ന് പത്രം തുറന്നാല്‍ പീഡന വാര്‍ത്തകളാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ എഴുതിവെക്കാത്ത ധാരണയുണ്ട്. യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വെന്‍ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാനത്ത് സമാധാനന്തരീക്ഷവും സഹവര്‍ത്തിത്വവും ഐക്യവും നിലനിര്‍ത്തുകയെന്ന നയമാണ് യു.ഡി.എഫ്. ഭരണകാലത്ത് പിന്തുടര്‍ന്നത്. കേന്ദ്രത്തില്‍ ഫാസിസത്തിന്റേയും കേരളത്തില്‍ സി.പി.എമ്മിന്റേയും ഭരണം സൃഷ്ടിക്കുന്ന പ്രതിസന്ധിയില്‍നിന്ന് മാറ്റം വരുത്തണമെന്നും തങ്ങള്‍ പറഞ്ഞു.

ശരിയാക്കുക എന്നുപറഞ്ഞാല്‍ രണ്ട് അര്‍ഥമുണ്ടെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തില്‍വന്ന സര്‍ക്കാരാണ് എല്‍.ഡി.എഫ്. ഓരോദിവസത്തെയും പത്രങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകും ശരിയാക്കലിന്റെ മറ്റൊരര്‍ഥം. കഴിഞ്ഞദിവസം കോഴിക്കോട് ലൈറ്റ് മെട്രോ ഓഫീസ് പൂട്ടിയതും ഭരണത്തിന്റെ ശരിയാക്കലാണ്.

ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് അധ്യക്ഷനായി. യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി.പി. തങ്കച്ചന്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., എം.കെ. മുനീര്‍ എം.എല്‍.എ, കെ.എന്‍.എ. ഖാദര്‍, ജോണി നെല്ലൂര്‍, ബേബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.