മലപ്പുറം: നെഹ്‌റു ഗ്രൂപ്പിന്റെ മലപ്പുറത്തെ അഡ്മിഷന്‍ ഓഫീസ് എ.ഐ.എസ്.എഫ്. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ആത്മഹത്യചെയ്ത സാഹചര്യത്തില്‍ കോളേജ് അധികൃതരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലാ ആസ്ഥാനത്തെ ഓഫീസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.

മലപ്പുറം - പെരിന്തല്‍മണ്ണ റോഡിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഒന്നാംനിലയിലുള്ള കെട്ടിടത്തിന്റെ ഗ്ലാസുകളും വാതിലും തകര്‍ത്ത് അകത്തുകടന്ന പ്രവര്‍ത്തകര്‍ ഫര്‍ണിച്ചര്‍, ഓഫീസ് രേഖകള്‍ തുടങ്ങിയവ നശിപ്പിച്ചു. ഉച്ചയ്ക്ക് 1.45- ഓടെയാണ് പ്രകടനമായെത്തിയ സംഘം ഓഫീസ് തകര്‍ത്തത്.

ജില്ലാപ്രസിഡന്റ് കെ.പി. ബാസിത്, സെക്രട്ടറി പി. ജംഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.