കുമളി: മുരിക്കടിയില്‍ കുടുംബത്തെ വീട്ടില്‍ നിന്നിറക്കിവിട്ട് പാര്‍ട്ടി ഓഫീസാക്കിയ സംഭവത്തില്‍ നാല് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ കുമളി പോലീസ് കേസെടുത്തു. ലക്ഷ്മിവിലാസത്തില്‍ മാരിയപ്പന്‍ ഭാര്യ ശശികല എന്നിവരെയും മൂന്നരയും രണ്ടും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെയും മര്‍ദിച്ചശേഷം വീട്ടില്‍നിന്ന് ഇറക്കിവിട്ടതായാണ് പരാതി.

വര്‍ഷങ്ങളായി താമസിച്ചിരുന്ന വീട്ടില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരായ ബിനീഷ്, അനിയന്‍, അനൂപ്, അഭിലാഷ് എന്നിവര്‍ചേര്‍ന്ന് ഇറക്കി വിടുകയായിരുന്നെന്ന ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദളിത് പീഡന നിയമപ്രകാരമാണ് കേസെടുത്തത്. മാരിയപ്പനും ബന്ധുവായ മുഹമ്മദ് സല്‍മാനും (മുത്തു) തമ്മിലുള്ള തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് തുടക്കം. മരിയപ്പന്റെ വിവാഹ സമയത്ത് വീടുനല്‍കാമെന്ന് വല്യച്ഛന്‍ നല്‍കിയ വാക്ക് പ്രകാരം വീട്ടില്‍ താമസിച്ചുവന്ന മാരിയപ്പനോട് തനിക്കും വീടിന്മേല്‍ അവകാശമുണ്ടെന്ന വാദവുമായി ബന്ധുവായ മുത്തു എത്തുകയും തര്‍ക്കം പരാതിയിലെത്തുകയും ചെയ്തു.

മുത്തു സി.പി.എംകാരെയും മാരിയപ്പന്‍ സി.പി.ഐക്കാരെയും സമീപിച്ചു. മാരിയപ്പന് സംരക്ഷണം നല്‍കാന്‍ എത്തിയ സി.പി.ഐക്കാര്‍ വീടിനുമുന്‍പില്‍ പാര്‍ട്ടികൊടി നാട്ടിയെങ്കിലും പിന്നീട് മാറ്റി. അവകാശം ഉറപ്പിക്കുവാനായി മാരിയപ്പനും ശശികലയും പീരുമേട് കോടതിയെ സമീപിക്കുകയും ഇടക്കാല ഉത്തരവു വാങ്ങുകയും ചെയ്തു. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ച് വീട് ഒഴിപ്പിച്ച് പാര്‍ട്ടി ഓഫീസിന്റെ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് മാരിയപ്പനും ശശികലയും ആരോപിക്കുന്നു. എന്നാല്‍ സി.പി.എം. നേതൃത്വം ഈ ആരോപണം നിഷേധിക്കുകയും ഭൂമിയുടെ രേഖകള്‍ മുത്തുവിന്റെ പേരിലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.

അതിനിടെ ദളിത് കുടുബത്തെ വീട്ടില്‍ നിന്നിറക്കിവിട്ട് പാര്‍ട്ടി ഓഫീസ് ആക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ കുമളിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.കുമാര്‍, ശോഭനാ രമേശ്, നിയോജകമണ്ഡലം പ്രസിഡണ്ട് സി.സന്തോഷ് കുമാര്‍, എ.ജി.മണി, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് വി.എന്‍.ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് പുതുപ്പറമ്പിലിന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്നറിയിച്ചു.