കോഴിക്കോട്: നാടെങ്ങും ബാങ്കുകളില്‍ പണം മാറ്റി വാങ്ങാനെത്തുന്നവരുടെ തിരക്ക്. ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് സഹായവുമായി ഊണും ഉറക്കവുമില്ലാതെ ബാങ്ക് ജീവനക്കാര്‍. എങ്ങും ഇടപാടുകാരുടെ ആവലാതികള്‍... എല്ലാം തമാശയായി കാണുന്ന മറ്റു ചിലര്‍... ആവലാതികള്‍ പരിഹരിക്കുന്നതിനും പരമാവധി വേഗം നോട്ടുകള്‍ മാറിനല്‍കുന്നതിനുമുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. ശരിക്കൊന്ന് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും മൂന്നു ദിവസമായെന്ന് കാസര്‍കോട്ടെ ഒരു ബാങ്ക് മാനേജര്‍ പറഞ്ഞു.

ജോലിക്ക് അവധി നല്‍കിയും മറ്റുമെത്തുന്നവരാണ് ഉപഭോക്താക്കളില്‍ അധികവും. ഒരു നിമിഷം പോലും കാത്തുനില്‍ക്കാന്‍ അവര്‍ തയ്യാറാകില്ല. കൗണ്ടറില്‍ സദാസമയവും ആളുണ്ടെന്ന് ഉറപ്പാക്കിയാണ് ജീവനക്കാര്‍ അത്യാവശ്യകാര്യങ്ങള്‍ പോലും നിര്‍വഹിക്കുന്നത്. ബാങ്ക് ജോലി കഠിനമായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പുതിയ സ്ഥിതിവിശേഷം. ബാങ്കിലെയും പണത്തിനായി ക്യൂ നിന്നവരുടെയും നേരമ്പോക്കുകളിലൂടെ...

ഞങ്ങള്‍ ക്യൂവിലാണ്...

പരിഭ്രാന്തി ശരീരഭാഷയാക്കി നീണ്ട നിരയില്‍ അങ്കലാപ്പോടെ നില്‍ക്കുന്നവര്‍... ക്യൂ നീളുമ്പോഴും പണമില്ലാതെ എ.ടി.എം. നിരാശപ്പെടുത്തുമ്പോഴും അസ്വസ്ഥരായി ബാങ്കുദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നവര്‍... ഇവര്‍ക്കിടയിലുമുണ്ട് രസികന്മാര്‍... ഏത് പരിഭ്രാന്തമായ അന്തരീക്ഷത്തിലും അസ്വസ്ഥരെ ചിരിപ്പിക്കാന്‍ പ്രാപ്തിയുള്ളവര്‍. ട്രോളന്മാരെ വെല്ലുന്ന തമാശകളിറക്കി ക്യൂവില്‍ താരമായ സാധാരണക്കാര്‍...

'എന്റെ കാര്‍ന്നോരുടെ കൈയില്‍ ഇത്രയും കാശിരിപ്പുണ്ടെന്ന് കാണിച്ചുതന്ന സാക്ഷാല്‍ ദൈവമാണ് നരേന്ദ്രമോദി' കാലടിയിലെ ബാങ്കില്‍ നോട്ടുമാറാന്‍ നിന്ന അമ്പതുകാരന്‍ ആവേശത്തോടെ പറയുമ്പോള്‍ ക്യൂവില്‍ പൊട്ടിച്ചിരി നിറഞ്ഞു. 'എന്റെ നോട്ടമെത്താത്ത സ്ഥലം വീട്ടിലില്ല. എന്നിട്ടും ആയിരം രൂപ ഒളിപ്പിച്ചുവെച്ച അപ്പനെ സമ്മതിക്കണം' മറ്റൊരാളുടെ ആത്മഗതം. അപ്പോഴേക്കും ആദ്യത്തെയാള്‍ നിലപാട് മാറ്റി. എന്നാലും കേന്ദ്രം ചെയ്തത് തീവെട്ടിക്കൊള്ളയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

'പൊന്നു സാറേ നിന്നു നിന്നു നടു പോകാറായി ഒന്നു വേഗമാകട്ടെ' നിരയില്‍ അഞ്ചാമതായി നിന്നയാള്‍ ബാങ്ക് ജീവനക്കാരോട് പറഞ്ഞു. 'ചേട്ടന് നില്‍ക്കാന്‍ പറ്റുന്നുണ്ടല്ലോ... ഇവിടെ ഒന്നു നടുനിവര്‍ത്താന്‍ പറ്റുന്നില്ല' എന്നതായിരുന്നു മറുപടി.

എനിക്ക് ഒരു ദിവസം കോള കുടിക്കാന്‍ തികയില്ല ഈ കാശ്

'എനിക്ക് ഒരു ദിവസം കോള കുടിക്കാന്‍ തികയില്ല ഈ 4,000 രൂപ.' അമേരിക്കയിലും ഓസ്‌ട്രേലിയയിലുമൊക്കെ വര്‍ഷങ്ങളോളം ജോലിചെയ്തിട്ടുണ്ടെന്ന് വീമ്പുപറയുന്ന വയോധികന്‍ ആലപ്പുഴയിലെ ഒരു ബാങ്ക് മാനേജരോട് കയര്‍ത്തു. മാറിക്കിട്ടുന്ന തുക കുറഞ്ഞതിലുള്ള പരിഭവമായിരുന്നു ഈ പരിഹാസത്തില്‍.

രാത്രി 9.30 ആയിക്കാണും. ഓടിക്കിതച്ച് ഒരാള്‍ ആലപ്പുഴ നഗരത്തിലെ ബാങ്കിലേക്കെത്തി. 1,000 രൂപയ്ക്ക് ചില്ലറ വേണം. എല്ലാം 100 മതി. കൗണ്ടര്‍ അടച്ചെന്ന് പറഞ്ഞപ്പോള്‍ ഒച്ചപ്പാടായി. ഒരു കണക്കിന് അയാളെ ബാങ്കില്‍നിന്ന് പുറത്താക്കി. അപ്പോഴാണ് അയാള്‍ ആ സത്യം പുറത്തുവിട്ടത്. ആയിരം രൂപയുടെ നോട്ട് മാറ്റിത്തരാമെന്ന് പറഞ്ഞ് ഭാര്യയോട് പന്തയം വെച്ചാണത്രേ എത്തിയത്. ഒരു ബാങ്ക് ജീവനക്കാരന്‍ പറഞ്ഞു

അടൂരില്‍ 2000 രൂപയുടെ നോട്ട് കൈപ്പറ്റിയ ആള്‍ മാനേജരെ കാണാനെത്തി. സാര്‍ കൈക്കാശ് ഉണ്ടെങ്കില്‍ 200 രൂപ തരണം. 2000 രൂപ പണയം വെച്ചിട്ട് മതി. മറ്റൊന്നിനുമല്ല, അരി വാങ്ങാനാണ്. കാരണം തിരക്കിയപ്പോള്‍ മറുപടി വന്നു. 2000 രൂപയ്ക്ക് ആരും ബാക്കിതരില്ല. ആരുടെ കൈയിലും പണം ഇല്ല.