കോഴിക്കോട്: വാഹന പരിശോധനയ്ക്ക് നേതൃത്വംനല്‍കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഔദ്യോഗികവാഹനത്തിനുള്ളില്‍ തന്നെ ഇരിക്കരുതെന്ന് പോലീസ് വകുപ്പ്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കാം. തെളിവായി ഫോട്ടോയോ വീഡിയോയോ പൊതുജനത്തിന് സമര്‍പ്പിക്കാമെന്നും വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മുന്‍ ഡി.ജി.പി.മാരുടെ സര്‍ക്കുലറുകളെ ആധാരമാക്കി പോലീസ് മറുപടി നല്‍കി.

കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ പി. രേഖദാസാണ് വിവരാവകാശനിയമ പ്രകാരം ഇക്കാര്യങ്ങള്‍ ശേഖരിച്ചത്. ഗതാഗത നിയമലംഘനം തടഞ്ഞ് നിയമപാലനം കാര്യക്ഷമമാക്കുമ്പോള്‍ പൊതുജനങ്ങളോട് ബഹുമാനത്തോടെ പെരുമാറണം. സൗമ്യവും മാന്യവുമായ ഭാഷയില്‍ സംസാരിക്കണം.

വണ്‍വേ തെറ്റിച്ചെന്ന പേരില്‍ വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. അങ്ങനെ പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അവരെ വകുപ്പുതല നടപടിക്ക് വിധേയമാക്കുമെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍, മേല്‍വിലാസം കളവാണെന്നും വാഹനം മോഷ്ടിച്ചതാണെന്നും സംശയിക്കുന്നതും രജിസ്‌ട്രേഷന്‍-റോഡ് ടാക്‌സ്-ഇന്‍ഷുറന്‍സ് എന്നിവ ഇല്ലാത്തതുമായ വാഹനങ്ങള്‍ പിടിച്ചെടുക്കാം.