കോഴിക്കോട്: പി.കെ. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിവുവരുന്ന വേങ്ങര നിയമസഭാ സീറ്റില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്ന കാര്യത്തില്‍ മുസ്ലിംലീഗില്‍ ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ചയാരംഭിച്ചു.

സംസ്ഥാനനേതാക്കളുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നതെങ്കിലും എതിരഭിപ്രായവും ഉയരുന്നുണ്ട്. മുന്‍പ് എം.എല്‍.എ.സ്ഥാനം വഹിച്ചവര്‍ വീണ്ടും മത്സരിക്കുന്നതിനോടാണ് മുറുമുറുപ്പ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, മുന്‍ എം.എല്‍.എ.മാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എന്‍.എ. ഖാദര്‍ എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇവരുടെ കാര്യപ്രാപ്തിയില്‍ ആര്‍ക്കും എതിരഭിപ്രായമില്ലെങ്കിലും സ്ഥിരംപാനല്‍ മറ്റ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്നാണ് പുതുമുഖം വേണമെന്നാവശ്യപ്പെടുന്നവര്‍ പറയുന്നത്.

സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി അലങ്കരിച്ചയാളാണ് മജീദ്. കാര്യങ്ങള്‍ ശക്തിയുക്തം അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തെപ്പോലെത്തന്നെ പ്രബലരാണ് രണ്ടത്താണിയും കെ.എന്‍.എ. ഖാദറും. ഇവരുടെ അംഗത്വം ലീഗിനും യു.ഡി.എഫിനും ഗുണകരമാവുമെന്ന് പറയുമ്പോഴും പുതുമുഖം വേണമെന്ന ആവശ്യമാണ് പ്രവര്‍ത്തകരില്‍ ചിലര്‍ ഉയര്‍ത്തുന്നത്.

കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പി.യുമൊക്കെ യുവനേതാക്കള്‍ക്ക് അവസരം നല്‍കുമ്പോള്‍ മുസ്ലിംലീഗില്‍ അവസരം കുറവാണെന്നാണ് ആക്ഷേപം. കഴിഞ്ഞ കുറേകാലത്തിനിടെ രണ്ട് യൂത്ത് ലീഗ് നേതാക്കളാണ് എം.എല്‍.എ. സ്ഥാനത്തെത്തിയത്-എന്‍. ഷംസുദ്ദീനും കെ.എം. ഷാജിയും. അതുതന്നെ 40 വയസ്സ് പിന്നിട്ടശേഷവും.

പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, പി.കെ.കെ. ബാവ, കെ.പി.എ. മജീദ് തുടങ്ങിയവര്‍ ആദ്യം എം.എല്‍.എ.യായത് 35 വയസ്സിന് താഴെയുള്ളപ്പോഴാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് പി.എം. സാദിഖലി മത്സരിച്ചെങ്കിലും നല്‍കിയ സീറ്റ് ജയസാധ്യതയില്ലാത്ത ഗുരുവായൂരാണ്.

യൂത്ത് കോണ്‍ഗ്രസില്‍നിന്നുള്ള വി.!ടി. ബല്‍റാം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ എം.എല്‍.എ.മാരാണ്. ഡി.വൈ.എഫ്.ഐ.യില്‍നിന്ന് എം. സ്വരാജും എ.എന്‍. ഷംസീറും എം.എല്‍.എ.മാരും എം.ബി. രാജേഷ്, പി.കെ. ബിജു എന്നിവര്‍ എം.പി.മാരുമായി. ഇങ്ങനെ ഒരു കീഴ്വഴക്കം ലീഗിനും വേണമെന്ന നിര്‍ദേശമാണുയരുന്നത്.

മലപ്പുറത്ത് ഒഴിവുവന്നപ്പോള്‍ തങ്ങള്‍ക്ക് അവകാശവാദമില്ലെന്നാണ് യൂത്ത് ലീഗ് അന്ന് പറഞ്ഞത്. വേങ്ങരയില്‍ ആവശ്യം ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. പന്തിപ്പോള്‍ ലീഗ് സംസ്ഥാനനേതൃത്വത്തിന്റെ കോര്‍ട്ടിലാണ്.