കോഴിക്കോട്:  പിറന്ന്  ഇരുപത്തിനാലുദിവസം അവൾക്ക് അച്ഛനും അമ്മയും ഉൾപ്പെടെ എല്ലാവരും ഉണ്ടായിരുന്നു.  ഇന്നവൾക്ക് എട്ടുവയസ്സ്. കൂട്ട് അനാഥത്വം മാത്രം. ഒരു ജീവിതകാലത്തിനിടെ അനുഭവിക്കാൻ കഴിയുന്നതിലധികം ദുരിതം ഈ കുട്ടി പിന്നിട്ടുകഴിഞ്ഞു.  അനാഥാലയത്തിൽ നിന്ന് അനാഥാലയത്തിലേക്കുള്ള യാത്രയാണ് ഇപ്പോഴും അവൾക്ക്  ജീവിതം.

ജനനം മാനന്തവാടിയിൽ
മാനന്തവാടിയിലെ സ്വകാര്യാസ്പത്രിയിൽ 2009 ജനുവരി 13-നായിരുന്നു  ജനനം. പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയായിരുന്നു അമ്മ.   അവരുടെ അറിവോടെയാണ് കുട്ടിയെ െെകമാറിയത്. കുട്ടികളില്ലാത്ത കോഴിക്കോട് നടുവട്ടം വെള്ളാഞ്ചേരി വീട്ടിൽ എം. സന്തോഷ്‌കുമാറിനും ഭാര്യയ്ക്കും കുട്ടിയെ കൈമാറി. “കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് കുട്ടിയെ  കൈമാറിയത്”- സന്തോഷ് കുമാർ അവകാശപ്പെട്ടു.

2009 ഫെബ്രുവരി ആറിന് സന്തോഷും ഭാര്യയും 24 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ ഏറ്റെടുത്തു. നിയമാനുസൃത ദത്തുനടപടികൾ പൂർത്തിയാക്കിത്തരാമെന്ന്  ഇടനിലക്കാരോടൊപ്പമെത്തിയ ഭാര്യാസഹോദരൻ ഉറപ്പുനൽകിയിരുന്നതായി സന്തോഷ് പറയുന്നു. ഇതിനായി പിന്നീട് പലതവണ ഇയാളെ സമീപിച്ചെങ്കിലും ഭീഷണിയായിരുന്നു മറുപടി. 

മുദ്രപ്പത്രത്തിൽ ‘കുട്ടി’ക്കൈമാറ്റം 
കുട്ടിക്ക് അഞ്ചുവയസ്സായപ്പോൾ സ്കൂളിൽ  ചേർക്കാനുള്ള രേഖകൾക്കായി നിയമവിരുദ്ധമായ ദത്തുരേഖ ഇടനിലക്കാർ ഉണ്ടാക്കിനൽകി. 2014 ഫെബ്രുവരി 25-ന് കോഴിക്കോട് അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസിൽ കുട്ടിയെ യഥാർഥ അമ്മ, സന്തോഷിന്റെ ഭാര്യയ്ക്ക് കൈമാറിയെന്ന് രേഖയുണ്ടാക്കി.  500 രൂപ മുദ്രപ്പത്രത്തിൽ എഴുതിയാണ് ഈ രേഖയുണ്ടാക്കിയത്. രജിസ്ട്രാർ ഓഫീസിന് കുട്ടിയെ കൈമാറി നൽകാനുള്ള അധികാരമില്ല. നിയമാനുസൃതം കുട്ടിയെ ദത്തെടുക്കാൻ ജില്ലാ കോടതി വഴി മാത്രമേ സാധിക്കുകയുള്ളൂവെന്നും രജിസ്ട്രാർ ഓഫീസ് വഴി നടത്തിയ ദത്ത് നടപടിക്ക് നിയമപ്രാബല്യമില്ലെന്നും കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ശ്രീലാ മേനോൻ പറയുന്നു. 

ഇതിനിടെ, സന്തോഷും ഭാര്യയും  പിരിഞ്ഞ് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് സംഭവം പുറത്തുവന്നത്. കുട്ടിയെ സന്തോഷിന്റെ ഭാര്യ മീഞ്ചന്തയിലെ ഒരു സ്കൂളിൽ ചേർത്തു. സ്കൂൾ മാറ്റിച്ചേർക്കാൻ വിടുതൽ സർട്ടിഫിക്കറ്റിന്  അപേക്ഷിച്ചപ്പോൾ കുട്ടിയുടെ അമ്മയായി സന്തോഷിന്റെ ഭാര്യയുടെ പേര് രേഖപ്പെടുത്തി. ഇതിൽ അച്ഛന്റെ പേരില്ല. ജനനസർട്ടിഫിക്കറ്റിൽ കുട്ടിയുടെ യഥാർഥ അമ്മയുടെയും അച്ഛന്റെയും പേരാണുള്ളത്.  

ഇതറിയാവുന്ന സന്തോഷ്‌കുമാർ ചൈൽഡ്‌ലൈൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.), പോലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകി. ഭാര്യ അനധികൃതമായി ഒരു കുട്ടിയെ കൈവശം വെച്ചിരിക്കുന്നുവെന്നായിരുന്നു പരാതി. സംഭവം അന്വേഷിച്ച സി.ഡബ്ല്യു.സി. കുട്ടിയെ ഏറ്റെടുത്ത് അനാഥാലയത്തിലാക്കി. 

അമ്മയെത്തുന്നു, കുട്ടിയെ െെകമാറുന്നു 
അധികൃതരുടെ ക്രൂരമായ അലംഭാവത്തിന് കുട്ടി ഇരയാകുന്നത് പിന്നീടാണ്. കോഴിക്കോട്ടെത്തിയ യഥാർഥ അമ്മയ്ക്ക്  സി.ഡബ്ല്യു.സി. അധികൃതർ കുട്ടിയെ  െെകമാറി. പക്ഷേ, കുട്ടിയെ അടുത്ത ദിവസംതന്നെ അമ്മ വയനാട്ടിലെ അനാഥാലയത്തിലാക്കി. 

അമ്മയെ വിശ്വാസത്തിലെടുത്താണ് കുട്ടിയെ വിട്ടുകൊടുത്തതെന്നും വഞ്ചിക്കുമെന്ന് കരുതിയില്ലെന്നും സി.ഡബ്ല്യു.സി. ചെയർപേഴ്‌സൺ ശ്രീലാ മേനോൻ പറയുന്നത്. പരാതി പോലീസിനും ലഭിച്ചിട്ടുണ്ട്. മറ്റ് നടപടികൾ സ്വീകരിക്കേണ്ടത് അവരാണെന്നും ശ്രീലാ മേനോൻ പറഞ്ഞു. കുട്ടിയെ തിരികെ ഏറ്റെടുത്ത് കോഴിക്കോട്ടെ അനാഥാലയത്തിലേക്കുതന്നെ മാറ്റി പഠനം പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചുവെന്നും ഇവർ പറയുന്നു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ദത്ത് നൽകാനാണ് സി.ഡബ്ല്യു.സി.യുടെ തീരുമാനം.