കോട്ടയം: ഭര്‍ത്താവ് ഗള്‍ഫില്‍നിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നുപറഞ്ഞ് 800 രൂപ തട്ടിയെടുത്തയാള്‍ക്ക് സ്ത്രീയുടെ വക 'സമ്മാനം'. തട്ടിപ്പിന് ശ്രമിച്ചയാള്‍ക്ക് സ്ത്രീയുെട വക അടിയായിരന്നു സമ്മാനം. തട്ടിപ്പുകാരന്‍ ഒടുവില്‍ പോലീസ് പിടിയിലുമായി.

സമ്മാനം കൊണ്ടുവരുന്നതിനുള്ള തുക കൊടുത്തുകഴിഞ്ഞ് സംശയംതോന്നിയ യുവതി, ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ടു. അപ്പോഴാണ് സമ്മാനം അയച്ചിട്ടില്ലെന്ന് അറിഞ്ഞത്. പറ്റിച്ചയാളെ തേടിയിറങ്ങിയ യുവതിയും സഹോദരഭാര്യയും ചേര്‍ന്ന് തട്ടിപ്പുകാരനെ കണ്ടെത്തി. നാട്ടുകാരുടെ സഹായത്തോടെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ഇതിനിടെ, ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പുകാരനെ യുവതി അടിച്ചത്.

കോട്ടയം എസ്.എച്ച്. മൗണ്ട് പടിഞ്ഞാറേതില്‍ രമ്യയുടെ പക്കല്‍നിന്നാണ് പണം തട്ടിയത്. സംഭവത്തിന്റെ പേരില്‍ കിടങ്ങൂര്‍ തെക്കേമഠം വേണുഗോപാലിനെ(43) പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. മകളുടെ ജന്മദിനം അടുത്തുവരുന്നതിനാല്‍ ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് രമ്യ വിശ്വസിച്ചു.

പണം കൊടുത്തുകഴിഞ്ഞ്, ഭര്‍ത്താവ് പ്രകാശിനെ േഫാണില്‍ വിളിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. ഈസമയം സഹോദരന്റെ ഭാര്യ രാഖിയും വീട്ടിലെത്തി.

അപ്പോഴേക്കും കാശുംവാങ്ങി ഇയാള്‍ സ്ഥലംവിട്ടിരുന്നു. രമ്യ, രാഖിയെയുംകൂട്ടി ചൂട്ടുവേലി ജങ്ഷനിലും സമീപത്തും ഇയാളെ തിരഞ്ഞു. ഒടുവില്‍ നാഗമ്പടം സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഇയാളെ കണ്ടു.

ഇരുവരും ചേര്‍ന്ന്, അടുത്തെത്തി ചോദ്യംചെയ്തപ്പോള്‍ പണം തിരികെ നല്‍കാമെന്നായി. പറ്റിച്ചതിന്റെ ദേഷ്യത്തില്‍ വഴക്കുപറയുന്നതിനിടയില്‍ രമ്യയെ തള്ളിയിട്ട് ഇയാള്‍ ഓടി. ഇതിനിടയില്‍ ആള്‍ക്കാര്‍ കൂടിയിരുന്നു. അവരും പോലീസും ചേര്‍ന്ന് ഇയാളെ പിടിച്ചു. തട്ടിപ്പുനടന്ന സ്ഥലം ഗാന്ധിനഗര്‍ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്ക് കൊണ്ടുപോയി കേസെടുത്തു. തട്ടിയെടുത്ത തുകയില്‍ കുറച്ചെടുത്ത് ഇയാള്‍ മദ്യം വാങ്ങിയിരുന്നു.