മാസ് ഹോട്ടല്‍ പൊളിക്കുന്നു ; ഗൃഹാതുര സ്മരണകളുമായി കോണ്‍ഗ്രസ്

കൊച്ചി: എറണാകുളം നോര്‍ത്തിലെ മാസ് ഹോട്ടല്‍ പൊളിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള ഹോട്ടല്‍ കാലയവനികയില്‍ മറയുമ്പോള്‍, അവിടെ ഒരിക്കല്‍ കൂടി ഒത്തുകൂടാന്‍ നേതാക്കള്‍ ഓടിയെത്തി. കെ.എസ്.യു.വിലും യൂത്ത് കോണ്‍ഗ്രസിലുമെല്ലാം പ്രവര്‍ത്തിക്കുന്ന കാലത്ത്, കോണ്‍ഗ്രസിലെ ഇന്നത്തെ മുതിര്‍ന്ന നേതാക്കളുടെ താവളമായിരുന്നു മാസ് ഹോട്ടല്‍. കെ.പി.സി.സി. ഖജാന്‍ജിയായിരുന്ന കെ.സി.എം. മേത്തറായിരുന്നു മാസിന്റെ ഉടമ. കോണ്‍ഗ്രസിന്റെ ഓഫീസ് പോലെയായിരുന്നു പലപ്പോഴും ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. നേതാക്കളായ എ.കെ. ആന്റണിയും വയലാര്‍ രവിയുമെല്ലാം ഇവിടത്തെ സ്ഥിര താമസക്കാരായിരുന്നു. അവരെയെല്ലാം കാണാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ നേതാക്കളും അവിടത്തന്നെ താമസിച്ചു.

മാസ് പൊളിക്കാന്‍ പോകുകയാണെന്നറിഞ്ഞപ്പോള്‍, അവിടെ ഒരിക്കല്‍ കൂടി ഒത്തുകൂടണമെന്ന് നേതാക്കള്‍ക്ക് ആഗ്രഹം. എന്നാല്‍ അവിടത്തെ പ്രധാന താമസക്കാരനായിരുന്ന എ.കെ. ആന്റണിക്ക് കൂട്ടായ്മയില്‍ എത്താന്‍ പറ്റിയില്ല.

നീണ്ട പതിനേഴു വര്‍ഷമാണ് താന്‍ മാസില്‍ കഴിഞ്ഞതെന്ന് എ.കെ. ആന്റണി ഓര്‍മക്കുറിപ്പില്‍ പറഞ്ഞു. എറണാകുളം ലോ കോളേജ് വിദ്യാര്‍ഥി ആയ കാലം മുതല്‍ മാസ് ഹോട്ടലുമായി ബന്ധം പുലര്‍ത്തിപ്പോന്നു. കെ.പി.സി.സി. പ്രസിഡന്റാവുന്നതും മാസ് ഹോട്ടലില്‍ വച്ചാണ്. മാസ് പൊളിക്കാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ മനസ്സില്‍ ദുഃഖം. അത്ര ബന്ധമായിരുന്നു ആ സ്ഥാപനത്തോട് തനിക്ക്്-ആന്റണി ഓര്‍ത്തു.

''ഇമ്പായി മേത്തറുടെ വാപ്പ കെ.സി.എം. മേത്തറാണ് ഞങ്ങള്‍ക്ക്് മാസില്‍ അഭയം തന്നിരുന്നത്. കൈയില്‍ കാശില്ലാതെ കെ.പി.സി.സി. ഓഫീസിന്റെ വരാന്തയില്‍ കിടന്നിരുന്ന കാലത്ത് മാസിലെ കാന്റീനില്‍ എത്തിയാല്‍ സൗജന്യമായി ഭക്ഷണം കിട്ടുമായിരുന്നു''-വയലാര്‍ രവി പറഞ്ഞു. നഗരത്തില്‍ പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കിയതിന് മേത്തറുടെ കുടുംബത്തോടും കടപ്പെട്ടിരിക്കുന്നു. മറക്കാനാവാത്ത ഒട്ടേറെ രാഷ്ട്രീയ വിചാരങ്ങളുടെ കേന്ദ്രമായിരുന്നു മാസ്. ആ പാരമ്പര്യത്തിന്റെ ഓര്‍മകള്‍ക്കായി എന്തെങ്കിലും ചെയ്യണം-വയലാര്‍ രവി നിര്‍ദ്ദേശിച്ചു.

കോണ്‍ഗ്രസ് സൗഹൃദ കൂട്ടായ്മയിലേക്ക് ക്ഷണപ്രകാരം എം.എം. ലോറന്‍സ് എത്തിയപ്പോള്‍ രംഗം പഴയകാലത്തെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് മാറി. പഴയ കോണ്‍ഗ്രസ് ദേശാഭിമാനികളുടെ കോണ്‍ഗ്രസ് ആയിരുന്നു, ഇപ്പോള്‍ ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കുഴപ്പങ്ങളില്ലെന്നു പറയുന്നില്ല. എന്നാല്‍ താരതമ്യേന ഭേദം ഞങ്ങളാണ്-ലോറന്‍സ് പറഞ്ഞു. വിമോചന സമരത്തെപ്പോലെ തെറ്റായ ഒരു സമരം ഉണ്ടായിട്ടില്ല, ഒരണ സമരത്തില്‍നിന്നാണ് അത് തുടങ്ങിയത് -ലോറന്‍സ് പറഞ്ഞപ്പോള്‍, വിമോചന സമരം വേണമെങ്കില്‍ അങ്ങനെയാണെന്നു പറയാം, എന്നാല്‍ ഒരണ സമരം ശരിയായിരുന്നുവെന്ന് കെ.എം.ഐ. മേത്തര്‍ തിരുത്തി.

പ്രൊഫ. കെ.വി. തോമസ് എം.പി., മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. രാജന്‍, മേയര്‍ സൗമിനി ജെയിന്‍, നേതാക്കളായ വി.ഡി. സതീശന്‍ എം.എല്‍.എ., ടി.ജെ. വിനോദ്, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എം.എല്‍.എ., കെ. ബാബു, ഡൊമിനിക് പ്രസന്റേഷന്‍, പി.എന്‍. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.