കൊച്ചി: കഴിഞ്ഞ കുറേക്കാലമായി കുളത്തിലും പാറമടകളിലുമൊക്കെ മത്സ്യക്കുഞ്ഞുങ്ങളെ ആഘോഷത്തോടെ നിക്ഷേപിക്കാറുണ്ടെങ്കിലും ഉല്പാദനം തീരെയില്ല. നിക്ഷേപിക്കുന്നതില്‍ തൊണ്ണൂറുശതമാനം കുഞ്ഞുങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ ചത്തുപോകുന്നതാണ് കാരണം.
 
കടല്‍ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ശുദ്ധജല മത്സ്യക്കൃഷിയെന്ന ആശയത്തിന് പ്രചാരമേറിയത്. സംസ്ഥാന സര്‍ക്കാര്‍ അതിന് വലിയ പ്രാധാന്യം കൊടുത്തെങ്കിലും നടത്തിപ്പിലെ പിടിപ്പുകേട് തിരിച്ചടിയാവുകയായിരുന്നു.

ശുദ്ധജല മത്സ്യക്കൃഷിക്കായി 80 ദശലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഓരോ തവണയും കേരളത്തിനാവശ്യം. ഇതില്‍ 45 ദശലക്ഷം വിവിധ പദ്ധതികള്‍ വഴി സര്‍ക്കാര്‍ മത്സ്യക്കര്‍ഷകര്‍ക്ക് നല്‍കുന്നതാണ്. സര്‍ക്കാര്‍ ഏജന്‍സികളുടെ അധീനതയിലുള്ള പന്ത്രണ്ടോളം ഹാച്ചറികള്‍ വഴി 14 ദശലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ മാത്രമേ കേരളത്തില്‍ ഉല്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ.

ബാക്കി 66 ദശലക്ഷത്തിന്റെ കാര്യത്തില്‍ വലിയ കച്ചവടമാണ് നടക്കുന്നത്. ഇത്രയും കുഞ്ഞുങ്ങളെ തമിഴ്‌നാട്, ആന്ധ്ര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നത്. തീരെ ചെറിയ കുഞ്ഞുങ്ങളായി കൊണ്ടുവരുന്നതാണ് ലാഭം.
 
കുറച്ചു വളര്‍ത്തി വലുതാക്കിയ കുഞ്ഞുങ്ങളാണെങ്കില്‍ കൊണ്ടുവരുന്നതിന്റെ ചെലവ് കൂടും. അതിനാല്‍ തീരെ ചെറിയ കുഞ്ഞുങ്ങളേയാണ് ഏജന്‍സികള്‍ കൊണ്ടുവരിക. അതിനെ നമ്മള്‍ ആഘോഷത്തോടെ ജലാശയങ്ങളില്‍ നിക്ഷേപിക്കും. പെട്ടെന്നുള്ള മാറ്റം അതിജീവിക്കാനാവാതെ കുഞ്ഞുങ്ങളേറെയും ചത്തുപോവുകയും ചെയ്യുന്നു.

കൊണ്ടുവരുന്ന കുഞ്ഞുങ്ങളെ പ്രത്യേക ശ്രദ്ധയോടെ ഇവിടെത്തന്നെ വളര്‍ത്തി, കുറച്ചു വലുതാക്കിയ ശേഷം ജലാശയങ്ങളില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ ഉല്പാദനമുണ്ടാകും. പക്ഷേ, അതിനുള്ള സംവിധാനമൊന്നും ഇവിടെയില്ല. കര്‍ഷകര്‍ക്കും അതേക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. കുഞ്ഞുങ്ങളെ കുറച്ചു വലുതാക്കി നിക്ഷേപിക്കുന്നതാണ് നല്ലതെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്താനുള്ള യത്‌നങ്ങള്‍ എറണാകുളം ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നത് എന്ന് ഉറപ്പിക്കാനുള്ള മാര്‍ഗവും തത്കാലമില്ല. സര്‍ക്കാര്‍ ക്വട്ടേഷന്‍ കൊടുക്കുന്ന ഏജന്‍സികള്‍ എവിടെയെങ്കിലും ചെന്ന് ക്വട്ടേഷനില്‍ പറഞ്ഞിരിക്കുന്ന അളവില്‍ കുഞ്ഞുങ്ങളെ കൊണ്ടുവരികയാണ് ചെയ്യുന്നത്. ആരോഗ്യമില്ലാത്തവയും ഗുണമേന്മയില്ലാത്തവയും പലരും നിരാകരിച്ചവയുമൊക്കെ അതില്‍ ഉണ്ടാകാം. പക്ഷേ, പരിശോധനയില്ല.